Thiruvananthapuram

കേരളം ഇനി പുതിയ കൈകളിൽ! തിങ്കളാഴ്ച യുഡിഎഫ് സർക്കാർ അധികാരത്തിലേക്ക്; തലസ്ഥാനത്തേക്ക് ഒഴുകിയെത്തുക ഒരു ലക്ഷത്തോളം പേർ

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ തലസ്ഥാനത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.
തിങ്കളാഴ്ച (മേയ് 18) രാവിലെ 10 മണിക്ക് നടക്കുന്ന വിപുലമായ ഈ ചടങ്ങിൽ സാക്ഷ്യം വഹിക്കാൻ ഒരു ലക്ഷത്തോളം ആളുകൾ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഇതിനായി പതിനായിരത്തോളം പേർക്ക് ഒരേസമയം ഇരിക്കാൻ കഴിയുന്ന ഭീമാകാരമായ പന്തലാണ് സ്റ്റേഡിയത്തിൽ ഒരുക്കുന്നത്.

തിരക്ക് പരിഗണിച്ച് പൊതുജനങ്ങളുടെ പ്രവേശനം പൂർണ്ണമായും പാസുകൾ വഴി നിയന്ത്രിക്കാനാണ് തീരുമാനം. പന്തലിന്റെ വശങ്ങളിൽ വീഡിയോ വാളുകൾ സ്ഥാപിക്കുന്നതിന് പുറമെ, ചടങ്ങ് തത്സമയം കാണുന്നതിനായി നിശാഗന്ധി ഓഡിറ്റോറിയം ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ സ്ക്രീനുകളും സജ്ജീകരിക്കും.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എം.പി എന്നിവരുൾപ്പെടെയുള്ള ദേശീയ നേതാക്കൾ ചടങ്ങിൽ നേരിട്ട് പങ്കെടുക്കും. കൂടാതെ അയൽസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ചലച്ചിത്ര-സാംസ്കാരിക മേഖലകളിലെ പ്രമുഖരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

സത്യപ്രതിജ്ഞയ്ക്ക് ശേഷം പുതിയ മന്ത്രിമാർ രാജ്ഭവനിൽ ഗവർണറുടെ സത്കാരത്തിൽ പങ്കെടുത്ത ശേഷമായിരിക്കും ആദ്യ മന്ത്രിസഭാ യോഗം ചേരുക. ഈ യോഗത്തിൽ നിയമസഭ വിളിച്ചുചേർക്കുന്നതിനുള്ള ശുപാർശ ഗവർണർക്ക് സമർപ്പിക്കും.പുതിയ സർക്കാരിന്റെ ഭരണഘടനാപരമായ അടുത്ത ഘട്ടങ്ങളുടെ തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് 21-ന് എം.എൽ.എമാരുടെ സത്യപ്രതിജ്ഞയും, 22-ന് സ്പീക്കർ തിരഞ്ഞെടുപ്പും നടക്കും. തുടർന്ന് മേയ് 29-ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭ തുടങ്ങുകയും, ജൂൺ അഞ്ചിന് പുതിയ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുകയും ചെയ്യും.

Related Articles

Back to top button