
രാമനാട്ടുകര : 4.10 കോടി രൂപ ചെലവിട്ട് നവീകരണപ്രവർത്തനം നടത്തുന്ന പാറമ്മൽ – പുതുക്കോട് – ദാനഗ്രാം റോഡിന്റെ നിർമ്മാണം കണ്ടാൽ ആരും അന്തംവിട്ടുപോകും. 2024 ഡിസംബർ മാസത്തിൽ നിർമ്മാണപ്രവർത്തനം തുടങ്ങിയ റോഡിന്റെ 30 ശതമാനം പണി പോലും 18 മാസം ആകാറായിട്ടും കരാറുകാരന് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. കോടികൾ ചെലവിട്ട് നടത്തുന്ന നവീകരണ പ്രവർത്തനത്തിന് വിരലിൽ എണ്ണാവുന്ന ജോലിക്കാർ മാത്രം, അതും എല്ലാദിവസവും ഇല്ല. റോഡ് നിർമ്മാണം ഏറ്റെടുത്ത കരാറുകാരന്റെ അനാസ്ഥ മൂലം ദുരിതത്തിൽ ആയിരിക്കുകയാണ് നാട്ടുകാർ.
പാറമ്മൽ മുതൽ പുതുക്കോട് ദാനഗ്രാം വരെയുള്ള 3.4 കിലോമീറ്റർ റോഡ് ആധുനിക രീതിയിൽ നവീകരിച്ചു നിർമ്മാണം പൂർത്തിയാക്കുവാൻ അനുവദിച്ച ആദ്യത്തെ സമയം 2025 ഡിസംബർ രണ്ടിന് ആയിരുന്നു. കരാറുകാരന്റെ അലസതയും അനാസ്ഥയുംമൂലം ആ തീയതിക്ക് പണി പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല. പിന്നീട് മാർച്ച് 31 വരെ തീയതി നീട്ടിക്കൊടുത്തു. റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതിനാൽ രണ്ടാമത്തെ കാലാവധിക്കും റോഡ് നിർമ്മാണം പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടില്ല.





