Ernakulam

മൃതദേഹമെന്ന് കരുതി തിരച്ചിൽ; കായലിൽ ഒഴുകി വന്ന 67-കാരന് കോസ്റ്റൽ പൊലീസ് പുനർജന്മം നൽകി

Please complete the required fields.




കൊച്ചി: ഫോർട്ട്കൊച്ചിയിൽ കായലിൽ മൃതദേഹം ഒഴുകി നടക്കുന്നു എന്ന വിവരത്തെ തുടർന്ന് തിരച്ചിലിനിറങ്ങിയ പൊലീസിന് ലഭിച്ചത് ഒരു വയോധികന്റെ ജീവൻ. കോസ്റ്റൽ പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെട്ടത് പള്ളുരുത്തി സ്വദേശി പുത്തൻപള്ളി സിറിൾ (67) ആണ്.

ഫോർട്ട്കൊച്ചി കസ്റ്റംസ് ബോട്ട് ജെട്ടിക്ക് സമീപം കായലിൽ മൃതദേഹം ഒഴുകുന്നതായി കസ്റ്റംസ് ജീവനക്കാരാണ് പൊലീസിനെ അറിയിച്ചത്. ഉടൻ തന്നെ ഫോർട്ട്കൊച്ചി കോസ്റ്റൽ പൊലീസ് എസ്.ഐമാരായ സി.ആർ സിങ്, ഉസ്മാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബോട്ടിൽ തിരച്ചിലിനിറങ്ങി.

കായലിലൂടെ ഒഴുകി വന്ന ശരീരം കണ്ടെടുത്ത് ബോട്ടിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ആളിന് ജീവനുണ്ടെന്ന് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞത്. ഒട്ടും വൈകാതെ തന്നെ അദ്ദേഹത്തെ കരയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകുകയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
തോപ്പുംപടി ഭാഗത്ത് വെച്ച് അബദ്ധത്തിൽ കാൽതെറ്റി കായലിൽ വീണതാണെന്ന് സിറിൾ പൊലീസിനോട് പറഞ്ഞു. അവിടെ നിന്നും കിലോമീറ്ററുകളോളം ഒഴുകിയാണ് ഇദ്ദേഹം ഫോർട്ട്കൊച്ചി ഭാഗത്തെത്തിയത്.

എസ്.ഐ സി.ആർ സിങ്, എസ്.ഐ ഉസ്മാൻ, ബോട്ട് സ്രാങ്ക് സുജേഷ്, അസി. ബോട്ട് കമാൻഡർ വിജയൻ, ബോട്ട് ഡ്രൈവർ കാർഗിൽ, കോസ്റ്റൽ വാർഡൻ ശ്രീജിത്ത്, ലസ്ക്കർ രാജേഷ് എന്നിവരാണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയത്. പൊലീസിന്റെ കൃത്യസമയത്തുള്ള ഇടപെടൽ ഒരു വലിയ ദുരന്തം ഒഴിവാക്കി.

Related Articles

Back to top button