ഹോംസ്റ്റേയിൽ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി; ഹോംസ്റ്റേ ഉടമയും ജീവനക്കാരനും അറസ്റ്റിൽ

ബംഗളൂരു: കർണാടകയിലെ ഹോംസ്റ്റേയിൽ യുഎസ് പൗരയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ഹോംസ്റ്റേ ജീവനക്കാരൻ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. കേസിൽ ഹോസ്റ്റേ ഉടമയേയും ജാർഖണ്ഡ് സ്വദേശിയായ ജീവനക്കാരനെയും അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ച കൊടഗിലെ കുട്ട ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിലാണ് കേസിന് ആസ്പദമായ സംഭവം.
മദ്യപിച്ച ശേഷം ഹോംസ്റ്റേയിലെ ജീവനക്കാർ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതി പറയുന്നത്. ആക്രമണത്തെക്കുറിച്ച് ഹോംസ്റ്റേ ഉടമയെ അറിയിച്ചു. എന്നാൽ വിവരം പുറത്തറിയിക്കാതിരിക്കാനാണ് അയാൾ ശ്രമിച്ചത്. മൂന്ന് ദിവസത്തേക്ക് വൈഫൈ സേവനങ്ങൾ വിച്ഛേദിച്ചുവെന്നും ആ സമയത്ത് ആരെയും ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും യുവതി പറയുന്നു.
പിന്നീട് മൈസൂരുവിലേക്ക് പോകാനെന്ന വ്യാജേന യുവതി സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നാലെ യുഎസ് കോൺസുലേറ്റിനെയും പൊലീസിനെയും സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ, ലൈംഗികാതിക്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലൈംഗിക പീഡനത്തെക്കുറിച്ച് സ്ത്രീ പരാതിപ്പെട്ടപ്പോൾ ഇക്കാര്യം പൊലീസ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താത്തതിനാണ് ഹോംസ്റ്റേ ഉടമയെ അറസ്റ്റ് ചെയ്തത്.





