മുണ്ടത്തിക്കോട് അപകടത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍, എസ്ഒപി പുറത്തിറക്കാൻ നിർദേശം’ – കെ രാജൻ

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചെന്ന് മന്ത്രി കെ രാജൻ. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ആവശ്യമായ നിർദേശം നൽകിയിട്ടുണ്ടെന്നും കെ രാജൻ വ്യക്തമാക്കി.
‘ഈ അപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചാൽ മാത്രമേ നമ്മൾ ചിന്തിക്കുന്ന വിധത്തിലുള്ള സഹായങ്ങളും മറ്റ് കാര്യങ്ങളും ചെയ്യാൻ കഴിയൂ. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ നിന്ന് നാല് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപയും അടക്കം 14 ലക്ഷം രൂപ നൽകും.
പരിക്കേറ്റവർക്ക് ദുരന്ത പ്രതികരണനിധി പ്രകാരം അനുവദിക്കുന്ന തുക നൽകും. അതിന് പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപയും നൽകും.ആറുമാസത്തിലധികമായി ചികിത്സ വേണ്ടിവന്നാൽ മെഡിക്കൽ ബോർഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ശുപാര്‍ശ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും.
തിരച്ചിലും രക്ഷാപ്രവര്‍ത്തനവും സുഗമമാക്കുന്നതിനുവേണ്ടി പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ മതില്‍ പൊളിക്കുകയും വയല്‍ നികത്തുകയും ചെയ്തിട്ടുണ്ട്. അവ പൂര്‍വ്വ സ്ഥിതിയില്‍ ആക്കുന്നതിന് ചെലവാകുന്ന യഥാര്‍ത്ഥ തുക ജില്ലാ കളക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ദുരന്തപ്രതികരണ നിധിയില്‍ നിന്നും അനുവദിക്കും.
ദുരന്തവുമായി ബന്ധപ്പെട്ട് മൃതദേഹങ്ങള്‍ മറവു ചെയ്യുന്നതിനും, ഡിഎന്‍എ മാച്ചിംഗിനായി സാമ്പിളുകള്‍ ശേഖരിക്കുന്നതിനുമായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍ (SOP) പുറപ്പെടുവിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്.അടിയന്തര പ്രതികരണത്തിനായി 50 ലക്ഷം രൂപ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ഇന്നലെ അനുവദിച്ച നടപടി സാധൂകരിച്ചു. ദുരന്ത പ്രതികരണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള ചെലവുകള്‍ ഈ തുകയില്‍ നിന്നും ചെലവഴിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
സ്ഫോടനം കാരണം സമീപ വീടുകള്‍ക്കുണ്ടായ നാശനഷ്ടത്തിന്‍റെ തോത് കണക്കാക്കി അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ് ഡി ആർ എഫില്‍ നിന്നും തുക ലഭ്യമാക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി’- കെ രാജൻ പറഞ്ഞു.അതേസമയം, പാറമേക്കാവിന്റെ വെടിക്കെട്ട് നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി.
പാലക്കാട് ജില്ലാ കളക്ടറാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോട് കുട്ടൻകുളത്തെ പടക്ക നിർമ്മാണ കേന്ദ്രത്തിലാണ് ഇന്നലെ വെെകിട്ട് ഉഗ്ര സ്ഫോടനം ഉണ്ടായത്. അപകടത്തിൽ 14 പേർ മരിച്ചു. പിന്നാലെയാണ് ഇന്ന് പാറമേക്കാവിന്റെ വെടിക്കെട്ട് നിർമാണം നിർത്തിവയ്ക്കാൻ കളക്ടർ ഉത്തരവിട്ടത്.





