
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രി പരിസരത്ത് കഞ്ചാവ് ചെടി നട്ടുവളർത്തുന്നതായി കണ്ടെത്തി. ആശുപത്രിയിലെ ഫാർമസിക്ക് സമീപത്തായാണ് ഒന്നര മാസത്തോളം പ്രായമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. രഹസ്യവിവരത്തെത്തുടർന്ന് പുനലൂർ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ചെടി പിടിച്ചെടുത്തത്.
പുനലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ചെടി നട്ടുപിടിപ്പിച്ചത് ആരെന്നതടക്കം കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം നടത്തുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. പ്രദേശത്ത് സമാനമായ രീതിയിൽ കഞ്ചാവ് ചെടികൾ ഉണ്ടോ എന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനയും നടത്തി.





