Kozhikode

വൈക്കിലശ്ശേരി റോഡിലെ അരയാൽത്തണൽ മായുന്നു

Please complete the required fields.




വടകര : അരയാൽ നട്ടതും പരിപാലിച്ചുവളർത്തിയതും ദിനേശൻ…, 43 വർഷത്തിനുശേഷം അരയാൽ റോഡുവികസനത്തിനായി മുറിക്കുമ്പോൾ ആ സ്നേഹത്തണൽ മായുന്നതിന്റെ സങ്കടമുണ്ട് ദിനേശന്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ ‘വികസനത്തിനുവേണ്ടിയല്ലേ, സാരമില്ല…’

വടകര-വില്യാപ്പള്ളി റോഡിലെ വൈക്കിലശ്ശേരി റോഡിൽ കെ.കെ.സി. സ്റ്റോർ എന്ന പച്ചക്കറിക്കട നടത്തുന്ന ദിനേശന്റെ കടയുടെ മുന്നിലാണ് നാടിനാകെ തണൽചൊരിയുന്ന അരയാലുള്ളത്. വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് വികസനത്തിന്റെ ഭാഗമായാണ് അരയാൽ മുറിക്കുന്നത്. നമ്പറൊക്കെയിട്ടിട്ടുണ്ട്. വൈകാതെ ഇത് മുറിക്കും.
1984 ഒക്ടോബർ 24-നാണ് താൻ ഈ അരയാൽ നട്ടതെന്ന് ദിനേശൻ ഓർക്കുന്നു. അന്ന് 14 വയസ്സാണ് ദിനേശന്. ഇപ്പോൾ 57 വയസ്സായി.

ഏഴാംക്ലാസിൽ പഠനംനിർത്തിയപ്പോൾ പന്ത്രണ്ടാംവയസ്സിൽ അച്ഛൻ ചാത്തുവിനെ സഹായിക്കാൻ കടയിൽക്കയറിയതാണ് ദിനേശൻ. പിന്നെ, വൈക്കിലശ്ശേരി റോഡിൽ നിറസാന്നിധ്യമായി. ആരോ വടകരയിൽനിന്നാണ് അരയാൽത്തൈ കൊണ്ടുവന്നത്. അത് റോഡരികിൽ നട്ടു. ഏതാനും ദിവസത്തിനകംതന്നെ ജീപ്പിന്റെ ടയർകയറി തൈ ചതഞ്ഞു. വീണ്ടും തൈക്കുചുറ്റും സംരക്ഷണകവചമൊരുക്കി നനച്ചുപരിപാലിച്ചു. പിന്നെ, ഉഷാറായി വളർന്നെന്ന് ദിനേശൻ പറഞ്ഞു.
ഇപ്പോൾ വൈക്കിലശ്ശേരി റോഡിനുമൊത്തം തണലേകുന്ന മരമാണിത്. തൊട്ടടുത്തായി ഒരു പൂമരവും ദിനേശൻ നട്ടിരുന്നു. ഇതടക്കം വൈക്കിലശ്ശേരി റോഡിൽ ഏതാണ്ട് പത്തോളം മരങ്ങൾ മുറിക്കേണ്ടിവരും. ഇതോടെ തണലെല്ലാം നഷ്ടമാകും. റോഡുവികസനം പൂർത്തിയായശേഷം സ്ഥലലഭ്യതനോക്കി റോഡരികിൽ മരംനടുമെന്ന് ദിനേശൻ വ്യക്തമാക്കി.

Related Articles

Back to top button