Kerala

ഒരു മതഭ്രാന്തന്റെ വെടിയേറ്റ് ‘ഗാന്ധി’ പിടഞ്ഞുവീണ് ജീവന്‍ വെടിഞ്ഞിട്ട് ഇന്നേക്ക് 78 വര്‍ഷം; മഹാത്മാവിന്റെ രക്തസാക്ഷിത്വദിനം

Please complete the required fields.




നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വർഗീയ ഭീകരവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 78 വര്‍ഷം. സാഹോദര്യത്തിലും സൗഹാർദ്ദത്തിലും സാമുദായിക മൈത്രിയിലും അധിഷ്ഠിതമായ ഒരു ഇന്ത്യക്കായി നിലകൊണ്ടതാണ് ഗാന്ധിജിയെ വർഗീയവാദികൾക്ക് അനഭിമതനാക്കിയത്. തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ മുന്നോട്ടുപോക്കിന് തടസ്സം നിൽക്കുന്നതാരായാലും അവരെ ഉന്മൂലനം ചെയ്യുകയെന്ന കുടിലതയുടെ ദൃഷ്ടാന്തമായിരുന്നു ഗാന്ധി വധം.
ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷാശയങ്ങളും വലിയ വെല്ലുവിളി നേരിടുന്ന സമയമാണിത്. രാജ്യത്ത് മേൽക്കോയ്മ നേടാൻ അധികാരവും സംഘടനാശേഷിയും വർഗീയ ശക്തികൾ ഒരുപോലെ ഉപയോഗിക്കുന്നു. വർഗീയ ധ്രുവീകരണം മൂർച്ഛിപ്പിക്കാനായി ആരാധനാലായങ്ങളെ പോലും ഉപയോഗപ്പെടുത്തുന്നു. ഫെഡറൽ തത്വങ്ങളെ അട്ടിമറിച്ചു സംസ്ഥാനങ്ങളെ നിയന്ത്രണവിധേയമാക്കാൻ ആസൂത്രിത ശ്രമങ്ങൾ നടത്തുന്നു.

രാജ്യത്ത് നടപ്പിലാക്കി വരുന്ന നവലിബറൽ സാമ്പത്തിക നയങ്ങൾ ജനജീവിതം ദുഃസ്സഹമാക്കുകയാണ്. ഇതിനെതിരെ ഉയർന്നുവരുന്ന ജനകീയ മുന്നേറ്റങ്ങളെ ശിഥിലമാക്കാനാണ് വർഗീയതയടിസ്ഥാനമാക്കിയുള്ള പ്രചരണങ്ങൾ ശക്തമാക്കുന്നത്. ഈ പ്രതിലോമ നീക്കങ്ങളെ പ്രതിരോധിക്കാൻ രാജ്യത്തെ എല്ലാ ജനാധിപത്യ, മതേതര വിശ്വാസികളും ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ട്.കൂടുതൽ സന്തോഷത്തോടെയും സംതൃപ്തിയോടെയും എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചു ജീവിക്കുന്ന ഒരു ഇന്ത്യയെ വാർത്തെടുക്കാൻ ഗാന്ധിജിയുടെ പ്രോജ്വല സ്മരണ കരുത്താകും. മനുഷ്യത്വത്തിന്റെ പൂന്തോട്ടത്തില്‍ സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും തണലേകിയ വലിയൊരു ആല്‍മരമായിരുന്നു ഗാന്ധിജി.
സത്യവും സഹിഷ്ണുതയും സത്യഗ്രഹവുമായിരുന്നു ഗാന്ധിജിയുടെ ആയുധങ്ങള്‍. അഹിംസയിലായിരുന്നു ഊന്നല്‍. തന്റെ ബോധ്യങ്ങളുടെ ശക്തി ഉപയോഗിച്ചാണ് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ ഗാന്ധിജി വെല്ലുവിളിച്ചത്.

1948 ജനുവരി 30 വൈകിട്ട് 5.17ന് ഡല്‍ഹിയിലെ ബിര്‍ള ഹൗസിലാണ് രാജ്യ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീതിദമായ കൊലപാതകം നടക്കുന്നത്. പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുക്കാനായി നീങ്ങുകയായിരുന്ന എഴുപത്തെട്ടുകാരന്റെ മുന്നിലേക്ക് അനുയായികള്‍ക്കിടയില്‍ നിന്നും ഒരാള്‍ കടന്നുവന്നു. ഗാന്ധിജിയെ വണങ്ങിയശേഷം പിസ്റ്റള്‍ പുറത്തെടുത്ത്, ദുര്‍ബലമായ ആ ശരീരത്തിലേക്ക് മൂന്നു തവണ വെടിയുതിര്‍ത്തു. ഇന്ത്യയുടെ ആത്മാവാണ് മുറിവേറ്റ് ആ മണ്ണിലേക്ക് പിടഞ്ഞുവീണത്. ലോകം കണ്ട ഏറ്റവും നിഷ്ഠുരനായ കൊലപാതകിയായി നാഥുറാം വിനായക് ഗോഡ്‌സെ മാറി.

‘നമ്മുടെ ജീവിതങ്ങളില്‍ നിന്നും വെളിച്ചം നഷ്ടമായിരിക്കുന്നു. എല്ലായിടത്തും അന്ധകാരം വ്യാപിച്ചിരിക്കുന്നു…’ ഗാന്ധിജിയുടെ മരണം സ്ഥിരീകരിച്ച് ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞ വാക്കുകളില്‍ എല്ലാം അടങ്ങിയിരുന്നു. ഒരു രാഷ്ട്രത്തിന്റെ പ്രകാശധാരയാണ് നിലച്ചുപോയത്. അഹിംസയിലൂന്നിയ പ്രതിരോധത്തിന്റെ ശക്തി തലമുറകള്‍ക്കു പകര്‍ന്നുകൊണ്ട്, ഗാന്ധി ഇപ്പോഴും ജനതയെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

Related Articles

Back to top button