Kozhikode

ഓൾ ഇന്ത്യ പെർമിറ്റ് ഉണ്ട്, മൂന്ന് മാസത്തിൽ 90,000 രൂപയും അടയ്ക്കുന്നുണ്ട്; ബസ് നിരത്തിലിറക്കിയാൽ പിഴയോട് പിഴ

Please complete the required fields.




കോഴിക്കോട്: അന്തർസംസ്ഥാന ബസ് സർവീസിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള നികുതിത്തർക്കത്തിൽ യാത്രക്കാർ പെരുവഴിയിലാകുന്നു. ഓൾ ഇന്ത്യ പെർമിറ്റുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പമാണ് യാത്രക്കാരെ വലയ്ക്കുന്നത്. കേരളത്തിൽനിന്ന് പ്രധാനമായും കർണാടക, തമിഴ്നാട്, പോണ്ടിച്ചേരി, ഹൈദരാബാദ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്.

കേരളത്തിൽനിന്ന് പോകുന്ന ബസുകൾ അയൽസംസ്ഥാനത്തിന്റെ അതിർത്തി കടന്നുകഴിഞ്ഞാൽ ആ സംസ്ഥാനങ്ങളിലെ മോട്ടോർവാഹനവകുപ്പ് അധികൃതർ ബസുകൾ തടയും. സംസ്ഥാന പെർമിറ്റില്ലെന്ന കാരണത്താലാണ് തടയുന്നത്. ഇതേ രീതിയിൽ മറുനാട്ടിൽനിന്നുള്ള ബസുകൾക്ക് കേരളവും പിഴ ഈടാക്കുന്നുണ്ട്.പലരും വിവിധ വെബ്സൈറ്റുകളിൽനിന്ന് ഓൺലൈനായാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. യാത്രചെയ്യുന്നതിനിടെ അയൽസംസ്ഥാനങ്ങളിലെ അധികൃതർ ബസ് തടയുമ്പോഴാണ് നികുതിയെക്കുറിച്ചുള്ള കാര്യങ്ങളറിയുന്നത്. ഇങ്ങനെവരുമ്പോൾ അത്യാവശ്യമായി യാത്രചെയ്യുന്നവർ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. രാത്രിയിൽ പെരുവഴിയിലാവുന്ന സംഭവംവരെ ഉണ്ടാകുന്നു.
ഇത്തരത്തിൽ ബസുകൾ തടയുകയും സംസ്ഥാന പെർമിറ്റ് എടുക്കാത്തതിനാൽ ലക്ഷങ്ങൾ പിഴയീടാക്കുകയും ചെയ്തതിനെത്തുടർന്ന് കേരളത്തിൽനിന്നുള്ള ബസുകൾ ഒരാഴ്ചയോളം സർവീസ് നിർത്തിവെച്ച് സമരംചെയ്തിരുന്നു.

2023-ൽ കേന്ദ്രം പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഓൾ ഇന്ത്യ പെർമിറ്റിനായി മൂന്നുമാസത്തേക്ക് 90,000 രൂപ ഫീസ് ഇനത്തിൽ അടച്ചാൽ മതി. ഇതുകാരണം സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട നികുതി ഇല്ലാതാവുമെന്നു ചൂണ്ടിക്കാട്ടി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കോടതി അതതു സംസ്ഥാനങ്ങളിലെ ഹൈക്കോടതികളോട് തീരുമാനമെടുക്കാനാണ് നിർദേശിച്ചത്.ഓൾ ഇന്ത്യ പെർമിറ്റ് ഫീസ് അടച്ചിട്ടും ബസുകൾ മറ്റു സംസ്ഥാനത്തേക്കു കടക്കുമ്പോൾ ഇപ്പോഴും അധികൃതർ തടയുകയും പിഴ ഈടാക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ അത്യാവശ്യമായി യാത്രചെയ്യുന്നവർ വലിയ ബുദ്ധിമുട്ടിലാകുന്നു. ഏറെസമയം നിരത്തുകളിൽ കാത്തിരിക്കേണ്ട ദുരവസ്ഥയാണ് ഉണ്ടാകുന്നത്.

യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടെത്താനായി കേരളം പ്രത്യേകമായി സംസ്ഥാന ടാക്സ് ഷെഡ്യൂൾ ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. ഇതിൻ്റെ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും ഒരാഴ്ചയ്ക്കകം യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ സംവിധാനം നടപ്പാക്കുമെന്നും മോട്ടോർവാഹനവകുപ്പ് അധികൃതർ പറഞ്ഞു.

Related Articles

Back to top button