
കോഴിക്കോട് : ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കാൻ മതനിരപേക്ഷതയിലൂടെ മാത്രമേ കഴിയൂവെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പി.ടി. ഭാസ്കരപ്പണിക്കർ സ്മാരക ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഒരുപോലെ എതിർക്കപ്പെടേണ്ടതാണ്. ഭൂരിപക്ഷ വർഗീയതയെ ചെറുക്കാൻ ന്യൂനപക്ഷ വർഗീയതയല്ല പരിഹാരം. പി.ടി. ഭാസ്കരപ്പണിക്കർ ഉത്തമ കമ്യൂണിസ്റ്റായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ. ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാനും ഫൗണ്ടേഷൻ പ്രസിഡന്റുമായ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷനായി.
പ്രൊഫ. പി.എ. വാസുദേവൻ, പ്രൊഫ. കെ. പാപ്പൂട്ടി, സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.വി. ബാലൻ, ഫൗണ്ടേഷൻ സെക്രട്ടറി കെ.പി. സുരേഷ് രാജ്, വിജയൻ ചെറുകര, എം. നാരായണൻ, പി.കെ. നാസർ, എ.കെ. സിദ്ധാർഥൻ എന്നിവർ സംസാരിച്ചു.





