Kozhikode

ഫ്രഷ്‌കട്ട് മാലിന്യസംസ്കരണ പ്ലാന്റിലേക്കുള്ള റോഡ് നാട്ടുകാർ ഉപരോധിച്ചു

Please complete the required fields.




താമരശ്ശേരി : കട്ടിപ്പാറ പഞ്ചായത്ത് ഭരണസമിതിയുടെ എതിർപ്പിനെ മറികടന്ന് തദ്ദേശസ്വയംഭരണ വകുപ്പുതല നിർദേശപ്രകാരം പ്രവർത്തന ലൈസൻസ് പുതുക്കിക്കിട്ടിയ ‘ഫ്രഷ്‌കട്ട് ഓർഗാനിക് പ്രോഡക്ട്സ് പ്രൈവറ്റഡ് ലിമിറ്റഡ്’-സ്വകാര്യ കോഴിയറവുമാലിന്യ സംസ്കരണപ്ലാന്റിനുനേരേ നാട്ടുകാർ വീണ്ടും പ്രക്ഷോഭവുമായി രംഗത്ത്. പ്ലാന്റ് അധികൃതർ സംഭരണശേഷിയിൽ കൂടുതൽ മാലിന്യം സംസ്കരിച്ച് വായു, ജല, പരിസര മലിനീകരണം തുടരുകയാണെന്നാരോപിച്ച് സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ ഇരുനൂറോളംവരുന്ന നാട്ടുകാർ ഞായറാഴ്ച പ്ലാന്റിലേക്ക് പ്രതിഷേധവുമായെത്തി.

താമരശ്ശേരി ഇൻസ്പെക്ടർ എ. സായൂജ്കുമാറിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം ക്യാമ്പുചെയ്ത്, പ്ലാന്റിലേക്കുകയറുന്നതിന് തൊട്ടുമുൻപുള്ള ഭാഗത്ത് കയർകെട്ടി ഫ്രഷ്‌കട്ടിലേക്കുള്ള പ്രവേശനം തടഞ്ഞു. തുടർന്ന് ഫ്രഷ്‌കട്ടിലേക്ക് കോഴിമാലിന്യംവഹിച്ച വാഹനങ്ങൾ കടന്നുപോവാറുള്ള ഈ ഒരേയൊരുപാതയിൽ കുത്തിയിരുന്നും മുദ്രാവാക്യംവിളിച്ചും സ്ത്രീകളും കുട്ടികളും വയോധികരുമുൾപ്പെടെയുള്ള നാട്ടുകാർ രാപകൽസമരംനടത്തി പ്രതിഷേധിക്കുകയായിരുന്നു.ഉപരോധസമരംനടത്തിയ റോഡിന്റെ തുടക്കഭാഗത്ത് കല്ലുകൂട്ടിയിട്ട് അവിടെ അടുപ്പുകത്തിച്ച് കഞ്ഞിവെച്ചും ചായയുണ്ടാക്കിയും ഭാരവാഹികൾ സമരക്കാർക്ക് വിതരണംചെയ്തു.

സ്ഥലത്തെത്തിയ താമരശ്ശേരി തഹസിൽദാർ സി. സുബൈർ, ജില്ലാഭരണകൂടവുമായി ബന്ധപ്പെടുകയും രണ്ടുദിവസത്തിനകം പ്രശ്നപരിഹാരത്തിനായി ചർച്ചനടത്താമെന്ന ലഭ്യമായ നിർദേശം സമരക്കാരെ അറിയിക്കുകയുംചെയ്തു. എന്നാൽ, ചർച്ചനടത്തുന്നതുവരെ പ്ലാന്റ് പ്രവർത്തനം നിർത്തിവെക്കണമെന്നും അല്ലാത്തപക്ഷം അതുവരെ റോഡ് ഉപരോധം തുടർന്ന് പ്ലാന്റിലേക്കുള്ള വാഹനങ്ങൾ തടയുമെന്നും സമരസമിതി ഭാരവാഹികൾ അറിയിച്ചു. ജീർണിക്കാത്ത കോഴിമാലിന്യങ്ങൾ സംഭരണാനുമതിയുള്ള അളവിൽമാത്രം സംസ്കരണത്തിനെടുക്കുക, ദുർഗന്ധംവമിപ്പിക്കാതെയും ജലസ്രോതസ്സുകളെ മലിനമാക്കാതെയുമുള്ള പ്രവർത്തനമുറപ്പാക്കുക, മാലിന്യസംഭരണവും സംസ്കരണവും പരിശോധിച്ച് അവലോകനംചെയ്യാൻ സമരസമിതി നിയോഗിക്കുന്ന രണ്ടുപേർക്ക് പ്രതിദിനം പ്ലാന്റിൽ പ്രവേശനംനൽകുക, രാത്രി പത്തുമണിക്കുശേഷം പ്ലാന്റിലേക്ക് മാലിന്യംനിറച്ച വാഹനങ്ങൾ എത്തിക്കാതിരിക്കുക, രാത്രി ഏറെവൈകിയുള്ള സംസ്കരണപ്രവർത്തനം ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ സമരക്കാർ മുന്നോട്ടുവെച്ചു.രാത്രി കോഴിയറവുമാലിന്യങ്ങളുമായി ഫ്രഷ്‌കട്ടിലേക്കെത്തിയ വാഹനങ്ങൾ സമരക്കാർ തടഞ്ഞതോടെ സംഘർഷാവസ്ഥയൊഴിവാക്കാൻ പോലീസ് വാഹനങ്ങൾ തിരിച്ചയച്ചു. രാത്രി വൈകിയും ഉപരോധസമരം തുടരുകയാണ്.

ഇരുതുള്ളിപ്പുഴ സംരക്ഷണ ജനകീയസമരസമിതിയും കരിമ്പാലക്കുന്ന് സമരസമിതിയും ഉൾപ്പെടെ വിവിധകൂട്ടായ്മകൾ അണിനിരന്ന ഉപരോധസമരത്തിന് ഗ്രാമപ്പഞ്ചായത്തംഗങ്ങളായ പി.എ. അനിൽകുമാർ, സംഷിദാ ശാഫി, എം. ഷീജ, സമരസമിതി ഭാരവാഹികളായ ബാബു കുടുക്കിൽ, പുഷ്പാകരൻ, കെ.കെ. മുജീബ്, എ.കെ. അജ്മൽ, തമ്പി പറകണ്ടത്തിൽ, ചിന്നമ്മ മാത്യു, ബാവൻകുട്ടി, ഇമ്പിച്ചിമോയി തുടങ്ങിയവർ നേതൃത്വംനൽകി.

Related Articles

Back to top button