കന്യാസ്ത്രീകളുടെ അറസ്റ്റ്, പ്രതിഷേധം ആളിക്കത്തുന്നു; മോദിക്കും ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്കും കത്തയച്ചു

ആലപ്പുഴ: മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്തതിൽ ക്രൈസ്തവ സമൂഹത്തിൽ വൻപ്രതിഷേധം ഉയരുന്നു. ആവർത്തിക്കുന്ന സംഭവങ്ങൾമൂലം ഉത്തരേന്ത്യയിൽ സഭാവസ്ത്രം ധരിച്ച് യാത്രചെയ്യാൻപോലും കഴിയാത്ത സ്ഥിതിയാണെന്നാണ് ആരോപണം.
ദുർഗ് റെയിൽവേ സ്റ്റേഷനിൽവെച്ച് അറസ്റ്റിലായ കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാൻസിസ് എന്നിവർ റിമാൻഡിലാണ്. ഒരു പറ്റം ബജ്റംഗ്‌ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്. ഞായറാഴ്ചയായതിനാൽ ജാമ്യാപേക്ഷ നൽകാനായിട്ടില്ല. തിങ്കളാഴ്ച ഇതിനുള്ള നടപടികളുണ്ടാകും. സിറോ മലബാർ സഭ, കെസിബിസി ജാഗ്രതാ കമ്മിഷൻ എന്നിവരും പ്രതിഷേധവുമായി രംഗത്തുവന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണം -സിബിസിഐ.
കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തതിൽ ആശങ്ക പ്രകടിപ്പിച്ച് കാതലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ(സിബിസിഐ). കന്യാസ്ത്രീകൾ കൂട്ടിക്കൊണ്ടുപോകാനെത്തിയ പെൺകുട്ടികളുടെ രക്ഷിതാക്കളുടെ സമ്മതപത്രം ഉണ്ടായിരുന്നു. പെൺകുട്ടികൾ 18 വയസ്സ് പൂർത്തിയായവരുമാണ്. ഇതൊക്കെ അവഗണിച്ചാണ് അറസ്റ്റ് ചെയ്തത്.
ദേശവിരുദ്ധ ശക്തികൾ കന്യാസ്ത്രീകളെ നിരന്തരം നിരീക്ഷിക്കുകയും റെയിൽവേ സ്റ്റേഷനുകളിലും മറ്റും വളയുകയും അവർക്കെതിരേ ജനക്കൂട്ടത്തെ ഇളക്കിവിടുകയും മോശം പരാമർശങ്ങൾ നടത്തുകയും ചെയ്യുന്നു. കന്യാസ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.





