
നാദാപുരം : ഗുരുതരമായ പൊതുജനാരോഗ്യപ്രശ്നങ്ങൾ നിലവിലുള്ള കല്ലാച്ചി മത്സ്യമാർക്കറ്റിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ. മത്സ്യ-മാംസാദികളുടെ മാസങ്ങളോളം പഴക്കമുള്ള മാലിന്യത്തിൽ പുഴുവരിച്ചുകൊണ്ടിരിക്കുന്നു.
മാർക്കറ്റിലെ വൃത്തിഹീനമായ മാലിന്യത്തിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളം പൊതുറോഡിൽ നിറഞ്ഞൊഴുകുകയാണ്. മലിനജലം സമീപത്തുള്ള മുഴുവൻ കിണറുകളിലേക്കും ഇറങ്ങി അവയും മലിനമാകുന്ന അവസ്ഥയാണ്. പഞ്ചായത്തിന്റെ വിവിധപ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പിടിപെടുന്നവരുടെ എണ്ണവും അനുദിനം വർധിച്ചുവരുകയാണ്. മാർക്കറ്റിലുളള ജോലിക്കാരോടും ചിക്കൻസ്റ്റാൾ നടത്തിപ്പുകാരോടും മാർക്കറ്റ് വിളിച്ചെടുത്ത വ്യക്തിയോടും മാലിന്യം നീക്കാൻ നിർദേശിച്ചെങ്കിലും ഒരു പരിഹാരവും കാണാത്തതിനെത്തുടർന്നാണ് പൂട്ടാൻ നടപടി. നാദാപുരം ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. നവ്യ. ജെ. തൈക്കാട്ടിൽ നൽകിയ നിർദേശത്തെത്തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി മാർക്കറ്റ് പൂട്ടാൻ ഉത്തരവ് നൽകി.





