Kozhikode

പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് തെരുവുവിളക്കുകൾ കത്തുന്നില്ല

Please complete the required fields.




വടകര : വടകര ടൗണിലെ തെരുവുവിളക്കുകൾ ഏറെയും കത്തുന്നില്ല. ഇതോടെ രാത്രിയായാൽ നഗരം ഇരുട്ടിൽ അമരുകയാണ്.
വ്യാപാരസ്ഥാപനങ്ങളിൽനിന്നുള്ള വെളിച്ചംമാത്രമാണ് ഇപ്പോൾ പ്രധാന റോഡുകളിലുള്ളത്. എന്നാൽ, കടകൾ അടയ്ക്കുന്നതോടെ പലഭാഗങ്ങളും ഇരുട്ടിൽ അമരുകയാണ്. മഴയത്ത് വെളിച്ചംകൂടി ഇല്ലാതാകുന്നതോടെ രാത്രിസമയങ്ങളിൽ നഗരത്തിലെത്തുന്നവർ ഏറെ പ്രയാസത്തിലാണ്.

വാഹനങ്ങൾ പോകുമ്പോഴുണ്ടാകുന്ന ലൈറ്റും മൊബൈലിന്റെ ടോർച്ച് ലൈറ്റുമാണ് രാത്രിയിൽ മിക്ക ആളുകളും ആശ്രയിക്കുന്നത്. തെരുവുനായശല്യം രൂക്ഷമായ വടകരയിൽ നായകൾ അടുത്തെത്തുന്ന സമയത്തുമാത്രമാണ് ആളുകൾ അറിയുന്നത്.

വടകര പഴയ സ്റ്റാൻഡിൽനിന്ന്‌ പുതിയസ്റ്റാൻഡ് ഭാഗത്തേക്ക് പോകുമ്പോൾ വിരലിലെണ്ണാവുന്ന ലൈറ്റുകൾ മാത്രമാണ് കത്തുന്നത്. മാത്രമല്ല പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഹൈമാസ്റ്റ് ലൈറ്റ് ഉൾപ്പെടെയുള്ളവ കണ്ണടച്ച സ്ഥിതിയിലാണ്. എടോടിയിൽനിന്നും കരിമ്പനപ്പാലത്തേക്ക് പോകുന്ന ഭാഗങ്ങളിലും തെരുവുവിളക്കുകൾ മിക്കതും കത്തുന്നില്ല. അഞ്ചുവിളക്കിനു സമീപത്തും മാർക്കറ്റ് റോഡിലും ഒന്തം റോഡിലും ടൗൺഹാളിന് സമീപത്തും പാർക്ക് റോഡിലും തുടങ്ങി ഇടറോഡുകളെല്ലാം ഇരുട്ടാണ്. വില്യാപ്പള്ളി റോഡിലും ജില്ലാ ആശുപത്രി റോഡിലും ഈ ഭാഗങ്ങളിലെ മറ്റ് ചെറിയറോഡുകളിലും വെളിച്ചമില്ല.പഴയ സ്റ്റാൻഡിലെ ഹൈമാസ്റ്റ് ലൈറ്റിലെ എല്ലാ ബൾബുകളും കത്തുന്നില്ല. ബസ്‌ സ്റ്റാൻഡിനുള്ളിലെ കടകൾ അടച്ചാൽ ഈ ഭാഗത്തും ഇരുട്ടാവുന്ന സ്ഥിതിയാണ്. മഴയും നഗരത്തിൽ ആളുകൾ എത്താത്തതും കാരണം നേരത്തേ കടകളടയ്ക്കും.

അതുകൊണ്ടുതന്നെ ജോലികഴിഞ്ഞെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ബസ് കാത്തുനിൽക്കുന്നതും ഭയത്തോടെയാണ്. എത്രയും പെട്ടെന്ന് തെരുവുവിളക്കുകൾ മുഴുവൻ പ്രകാശിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് വ്യാപാരികൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു.

Related Articles

Back to top button