Thiruvananthapuram

കേരളം ഭരിക്കാന്‍ പിണറായി വിജയനുണ്ട്, ഭാരതാംബയുടെ ചിത്രം ആര്‍എസ്എസ് ശാഖയില്‍ വെച്ചാല്‍ മതി ‘ – വി ശിവന്‍കുട്ടി

Please complete the required fields.




തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ വിവാദത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഗവര്‍ണര്‍മാര്‍ അധികാരം മറന്ന് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്നും രാജേന്ദ്ര അര്‍ലേക്കര്‍ ഭരണഘടനാ ലംഘനം നടത്തിയെന്നും മന്ത്രി പറഞ്ഞു. വനിത കാവിക്കൊടി പിടിച്ചിരിക്കുന്ന ചിത്രം തിരുവനന്തപുരത്തെ ആര്‍എസ്എസ് ശാഖയില്‍ കൊണ്ടുവയ്ക്കാമെന്നും രാജ്ഭവനില്‍ വയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 163 പ്രകാരം മന്ത്രിസഭയുടെ ശുപാര്‍ശ പ്രകാരമാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. അതല്ലാതെ താനാണ് കേരളം ഭരിക്കേണ്ടത് എന്ന് അദ്ദേഹം കരുതുന്നുണ്ടോ എന്ന് അറിയില്ല. കേരളം ഭരിക്കാന്‍ പിണറായി വിജയനുണ്ട്. അദ്ദേഹം ഭരിച്ചോളും. മതനിരപേക്ഷതയ്‌ക്കെതിരായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണല്ലോ രാജ്ഭവനില്‍ ഒരു വനിത കാവി കൊടി പിടിച്ച് നില്‍ക്കുന്ന ചിത്രം ചില്ലിട്ട് വച്ചിരിക്കുന്നത്.അതിനുമുന്നില്‍ പൂവും തിരിയുമൊക്കെ കൊണ്ടുവെച്ച് അദ്ദേഹമാണ് ഭരണഘടനാ ലംഘനം നടത്തിയിരിക്കുന്നത്. കേരളത്തിനും ഇന്ത്യക്കും നാണക്കേടാണത്. ഒരുസ്ത്രീ കാവി കൊടിപിടിച്ചിരിക്കുന്നതാണ് ഭാരതം എന്ന് ആരു പറഞ്ഞു? അദ്ദേഹം ശാഖയില്‍ കൊണ്ട് അത് വയ്ക്കുന്നതാണ് നല്ലത്. ഞാന്‍ ഭരണഘടനാലംഘനം നടത്തിയിട്ടില്ല’-വി ശിവന്‍കുട്ടി പറഞ്ഞു. തനിക്ക് സര്‍ക്കാര്‍ പരിപാടി ആര്‍എസ്എസ് പരിപാടി പോലെ ആക്കുന്നതിനോട് താല്‍പ്പര്യമില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു. തോന്ന്യാസം കണ്ടാല്‍ അതിനെതിരെ പ്രതികരിച്ചില്ലെങ്കില്‍ എന്ത് ജനാധിപത്യമാണെന്നും അദ്ദേഹം ചോദിച്ചു.

Related Articles

Back to top button