പട്ടാമ്പി സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
പാലക്കാട്: പട്ടാമ്പി സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. കഴിഞ്ഞ ദിവസം പട്ടാമ്പി പാലത്തിൽ കൈവരി വയ്ക്കാനുള്ള യൂത്ത് കോൺഗ്രസ് നീക്കത്തിനെതിരെ നടന്ന പൊലീസ് ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ചാണ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റി പട്ടാമ്പി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിലാണ് അനിഷ്‌ടസംഭവങ്ങളുണ്ടായത്. പ്രകടനമായി വന്ന പ്രവർത്തകരെ മേലെ പട്ടാമ്പിയിൽ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു.
തുടർന്ന് പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. പട്ടാമ്പി പാലത്തിൽ കൈവരി വയ്ക്കാൻ നീക്കം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ കഴിഞ്ഞ ദിവസമുണ്ടായ ലത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നടന്ന പൊലീസ് ലാത്തിചാർജില്‍ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ പ്രതിഷേധ പ്രകടനത്തിലും പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായിരുന്നു.