Kollam
രാത്രിയിൽ കൂട്ടിൽ കയറി കോഴികളെ വിഴുങ്ങി, കാഴ്ചകണ്ട് വീട്ടുകാർ ഞെട്ടി; പെരുമ്പാമ്പിനെ പിടികൂടി വനംവകുപ്പ്

കൊല്ലം: കൊല്ലം പുനലൂർ കമുകുംചേരിയിൽ കോഴിക്കൂട്ടിൽ പെരുമ്പാമ്പ് കയറി. കമുകുംചേരി ചരുവിളയിൽ അജിയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പെരുമ്പാമ്പ് കയറിയത്. രാത്രി കൂട്ടിൽ കയറിയ പാമ്പിനെ രാവിലെയാണ് വീട്ടുകാർ കണ്ടത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് സംഘം സ്ഥലത്തെത്തി.
ഏറെ നേരത്തെ ശ്രമത്തിന് ഒടുവിലാണ് പാമ്പിനെ കൂട്ടിൽ നിന്നും പിടികൂടിയത്. രാത്രിയില്‍ കോഴികളെ അകത്താക്കിയ പെരുമ്പാമ്പ് ഇരവിഴുങ്ങി അനങ്ങാനാകാതെ അവിടെ തന്നെ കിടക്കുകയായിരുന്നു. കോഴിക്കൂട്ടിൽ നിന്ന് പെരുമ്പാമ്പിനെ പുറത്തേക്ക് എത്തിച്ചശേഷം ചാക്കിലാക്കി കൊണ്ടുപോവുകയായിരുന്നു. പെരുമ്പാമ്പിനെ പിന്നീട് വനമേഖലയില്‍ തുറന്നുവിട്ടു.