വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍; സര്‍വെയര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി
കോഴിക്കോട്: ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സര്‍വകാല റെക്കോഡിലാണെന്നും എന്നാല്‍ അതിനാവശ്യമായ സര്‍വെയര്‍മാരുടെ കുറവ് റവന്യു വകുപ്പിനെ പ്രയാസത്തിലാക്കുന്നുണ്ടെന്നും മന്ത്രി കെ രാജന്‍. വിഷന്‍-മിഷന്‍ 2021-26 കോഴിക്കോട് ജില്ലാ റവന്യു അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഗ്രീന്‍ ഫീല്‍ഡ് ഹൈവെ, സംസ്ഥാന പാതകളുടെ വികസനം, തീരദേശ ഹൈവെ, മലയോര ഹൈവെ, കിഫ്ബി വഴി എംഎല്‍എമാര്‍ നിര്‍ദ്ദേശിച്ച പദ്ധതികള്‍ ഇവയ്‌ക്കെല്ലാം ഭൂമി ഏറ്റെടുക്കല്‍ റവന്യു വകുപ്പാണ് നടത്തേണ്ടത്. ഇതിനു പുറമെ, ഡിജിറ്റല്‍ റീസര്‍വെ, ഭൂമി തരംമാറ്റം, കിഫ്ബി പ്രവൃത്തികള്‍ തുടങ്ങിയ സുപ്രധാന പദ്ധിതകള്‍ക്കെല്ലാം സര്‍വേയര്‍മാര്‍ ആവശ്യമാണ്. അവരുടെ കുറവ് പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ റവന്യു അസംബ്ലി വഴി സാധിക്കുന്നുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. കിഫ്ബി പ്രവൃത്തികളുടെ പുരോഗതിക്കുവേണ്ടി സര്‍വെയര്‍മാരെ നിയോഗിക്കണം.
കൂടുതല്‍ സര്‍വെയര്‍മാരെ നിയോഗിച്ചാല്‍ കിഫ്ബിയുടെ നിര്‍വഹണ ഏജന്‍സി അവര്‍ക്കുള്ള വേതനം നല്‍കാന്‍ തയ്യാറാണെന്നും വനം മന്ത്രി പറഞ്ഞു. കിഫ്ബി കത്ത് നല്‍കിയാല്‍ പരിഗണിക്കാവുന്ന വിഷയമാണെന്ന് റവന്യു മന്ത്രി ഇതിനു മറുപടി നല്‍കി. സര്‍വെയര്‍മാരുടെ കുറവ് പരിഹരിക്കാന്‍ ഇടപെടല്‍ നടക്കുന്നുണ്ടെന്ന് സര്‍വെ ഡയറക്ടര്‍ സിറാം സാംബശിവ റാവു പറഞ്ഞു. ജില്ലയില്‍ 16 സര്‍വെയര്‍മാരുടെ ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവരുടെ നിയമനം നടക്കുന്നതുവരെ സര്‍വെ നടപടികള്‍ വൈകാതിരിക്കാന്‍ എംപ്ലോയ്‌മെന്റ് വഴി സര്‍വെയര്‍മാരെ താല്‍ക്കാലികമായി നിയോഗിക്കാനാണ് നടപടികള്‍ പുരോഗമിക്കുന്നതെന്നും സാംബശിവ റാവു പറഞ്ഞു. പേരാമ്പ്രയിലെ ജാനകി വയല്‍, ചക്കിട്ടപ്പാറ, ബാലുശേരിയിലെ പാറപ്പുറമ്പോക്ക് എന്നിവിടങ്ങളിലെ പട്ടയ വിതരണം സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയില്‍ നടപ്പിലാക്കുന്ന കാര്യം പരിഗണിക്കാമെന്ന് ടി പി രാമകൃഷ്ണന്‍, കെ എം സച്ചിന്‍ദേവ് എന്നിവരുടെ ആവശ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
പേരാമ്പ്ര താലൂക്ക് അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ് സൊസൈറ്റിക്ക് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിന്റെ തുടര്‍ നടപടിയില്‍ അടിയന്തര ഇടപെടലിനും മന്ത്രി നിര്‍ദ്ദേശം നല്‍കി. കോഴിക്കോട് നോര്‍ത്തിലെ പുതിയങ്ങാടി കടല്‍ തീരത്തെ പട്ടയ വിഷയം പരിഹരിക്കണമെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു. മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ വിഷയവും എംഎല്‍എ റവന്യു അസംബ്ലിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. കോഴിക്കോട് ബീച്ചിലെ പട്ടയം പ്രശ്‌നം അഹമ്മദ് തേവര്‍ക്കോവില്‍ ഉന്നയിച്ചു. കടല്‍ഭിത്തിയുടെ ഉയരം കൂട്ടണം, സ്മാര്‍ട്ട് വില്ലേജ്, വില്ലേജ് ഓഫീസ് വിഭജനം എന്നീ ആവശ്യങ്ങളും തേവര്‍ക്കോവില്‍ ഉന്നയിച്ചു. കുന്നമംഗലത്തെ രണ്ട് വില്ലേജുകള്‍ക്ക് സ്വന്തമായി ഓഫീസില്ല. കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ സ്ഥലം ലഭ്യമായിട്ടുണ്ടെന്നും മറ്റു നടപടികള്‍ വേഗത്തിലാക്കണമെന്ന് പി ടി എ റഹീം ആവശ്യപ്പെട്ടു. മണ്ഡലത്തില്‍ ഒരുപാട് വ്യവസായ സ്ഥാപനങ്ങളുടെ പേരില്‍ ഭൂമി അനാഥമായി കിടപ്പുണ്ട്. ഇവ ഏറ്റെടുക്കാന്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊയിലാണ്ടി മണ്ഡലത്തിലെ സുനാമി നഗറുകളിലെ പട്ടയ വിതരണം വൈകുന്നത് സംബന്ധിച്ച വിവരം കാനത്തില്‍ ജമീല അറിയിച്ചു.
വടകര ആര്‍ഡിഒ ഓഫീസ് നിര്‍മ്മാണം, വില്ലേജ് ഓഫീസ് നിര്‍മ്മാണം, റവന്യു ടവര്‍ നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങള്‍ കെ കെ രമ യോഗത്തില്‍ ഉന്നയിച്ചു. നാദാപുരം ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണം സ്വകാര്യ വ്യക്തി നല്‍കിയ കേസിനെ തുടര്‍ന്ന് അനിശ്ചിതത്വത്തിലാണെന്ന് ഇ കെ വിജയന്‍ പറഞ്ഞു. 25 സെന്റ് സ്ഥലം സൗജന്യമായി സര്‍ക്കാരിന് വിട്ടുകിട്ടിയതാണ്. കേസില്‍ ഗൗരവത്തില്‍ ഇടപെടണമെന്ന് എംഎല്‍എ നിര്‍ദ്ദേശിച്ചു. കിഫ്ബി വഴിയുള്ള താമരശേരി ലിങ്ക് റോഡിന്റെ നിര്‍മ്മാണം വൈകുന്നതില്‍ മന്ത്രി ഇടപെടണമെന്ന് ഡോ.എം കെ മുനീര്‍ ആവശ്യപ്പെട്ടു. ചെറുപ്ലാട് വനഭൂമി പട്ടയ വിഷയം ഇപ്പോഴും നിലനില്‍ക്കുന്നു, പരിഹാരം വേഗത്തിലാക്കണമെന്ന് ലിന്റോ ജോസഫ് ആവശ്യപ്പെട്ടു. പട്ടയം ഇല്ലാത്തതിനാല്‍ ലൈഫില്‍ വീട് ലഭിക്കുന്നതിന് തടസമുണ്ടെന്നും എംഎല്‍എ പറഞ്ഞു.
വിഷയത്തില്‍ ലാന്‍ഡ് റവന്യു കമ്മിഷണറേറ്റ് ഇടപെട്ടിട്ടുണ്ടെന്ന് ജോയിന്റ് കമ്മിഷണര്‍ എ ഗീത മറുപടി നല്‍കി. 2012ല്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് തിരുവമ്പാടി മണ്ഡലത്തില്‍ 12 കുടുംബങ്ങളെ സര്‍ക്കാര്‍ താല്‍ക്കാലിക ഷെഡിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. ഇവര്‍ക്ക് പകരം ഭൂമിയോ പുനരധിവാസ പാക്കേജോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ലിന്റോ ജോസഫ് പറഞ്ഞു. ജില്ലാ കളക്ടര്‍ സ്‌നേഹിന്‍ കുമാര്‍ സിങ് എംഎല്‍എമാര്‍ ഉന്നയിച്ച വിഷയങ്ങളുടെ പുരോഗതി വിവരിച്ചു. ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഡോ.എ കൗശിഗന്‍, ജില്ലയിലെ ഡെപ്യൂട്ടി കളക്ടര്‍മാരും സംസ്ഥ നിര്‍മ്മിതി കേന്ദ്ര, ഹൗസിങ് ബോര്‍ഡ് ഉദ്യോഗസ്ഥരും പങ്കെടുത്തു.