![](https://fourteenkerala.com/wp-content/uploads/2024/07/tdy21112023-185.gif)
തിരുവനന്തപുരം: ജില്ലയില്‍ രണ്ടു പേര്‍ക്കു കൂടി കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകരയിലെ ശ്രീകാരുണ്യ മിഷൻ ചാരിറ്റബിൾ ഹോസ്റ്റലിലെ രണ്ടു പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ മൂന്നു പേർ ഉൾപ്പെടെ സംസ്ഥാനത്ത് ആകെ നാലു പേര്‍ക്കാണ് നിലവിൽ കോളറ സ്ഥിരീകരിച്ചിരിക്കുന്നത്. വയറിളക്കവും ഛർദിയും കാരണം അന്തേവാസികളിൽ ഒരാൾ മരിക്കുകയും ഒരു കുട്ടിക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതിന് പിന്നാലെ തവരവിളയിലെ ശ്രീകാരുണ്യ മിഷൻ ചാരിറ്റബിൾ ഹോസ്റ്റൽ താൽക്കാലികമായി പൂട്ടിയിരുന്നു.
ഭിന്നശേഷിക്കാരനായ വിതുര തൊളിക്കോട് മലയടി മുളമൂട്ടിൽ വീട്ടിൽ അനിൽ കുമാറിന്റെ മകൻ അനു(26) ആണു വെള്ളിയാഴ്ച വൈകീട്ടു മരിച്ചത്. പിന്നാലെ ഗുരുതരാവസ്ഥയിൽ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ച 10 വയസ്സുകാരനു കോളറ സ്ഥിരീകരിച്ചിരുന്നു. സമാന ലക്ഷണങ്ങളുമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ 6 പേർ ചികിത്സയിൽ ഉണ്ടായിരുന്നു. ഇന്നലെ വീണ്ടും ഇതേ ലക്ഷണങ്ങളുമായി 4 പേരെ കൂടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11 ആയി.
അതേസമയം, സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,756 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്നലെ മാത്രം 225 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മരിച്ചു. 20 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 2 പേർ എലിപ്പനി ബാധിച്ച് മരിച്ചു.