
കോഴിക്കോട്: വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാതയ്ക്ക് പാരിസ്ഥിതികാനുമതി ലഭിക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനുകീഴിലെ വിദഗ്ധസമിതിക്ക് പത്തുദിവസത്തിനകം പൊതുമരാമത്തുവകുപ്പ് മറുപടിനൽകും. തുരങ്കപാത നിർമിക്കുമ്പോൾ മണ്ണിടിച്ചിൽ സാധ്യതയുൾപ്പെടെയുള്ള പ്രശ്നങ്ങളും ജൈവവൈവിധ്യത്തിനുണ്ടാവുന്ന ആഘാതവും സംബന്ധിച്ച് പരിസ്ഥിതിമന്ത്രാലയത്തിനുകീഴിലെ അടിസ്ഥാനസൗകര്യവികസന പദ്ധതിയെക്കുറിച്ച് പഠിക്കുന്ന വിദഗ്ധസമിതി ചില സംശയങ്ങളുന്നയിച്ചിരുന്നു. ഇതോടൊപ്പം പാരിസ്ഥിതികാനുമതിക്കുള്ള അപേക്ഷ ഏപ്രിൽ നാലിനുചേർന്ന സമിതി യോഗം മാറ്റിവെക്കുകയുംചെയ്തു. സമിതിയുന്നയിച്ച ചോദ്യങ്ങൾക്ക് പഠനറിപ്പോർട്ടുകളടക്കം ഉൾപ്പെടുത്തിക്കൊണ്ടാവും വിശദമായ മറുപടിനൽകുക.
തുരങ്കവും സമീപനറോഡും നിർമിക്കുന്നതിന് നേരത്തേ ടെൻഡർ ക്ഷണിച്ചതാണ്. ഇനി പാരിസ്ഥിതികാനുമതിയാണ് പ്രധാനകടന്പ. അനുമതിയ്ക്ക് തടസ്സങ്ങളുണ്ടാവില്ലെന്നാണ് പ്രതീക്ഷ. ടണൽ കടന്നുപോവുന്നത് മണ്ണിടിച്ചിൽസാധ്യത ഏറ്റവും കൂടുതലുള്ള ഭൂപ്രദേശത്തുകൂടെയാണെന്നാണ് കേന്ദ്ര വിദഗ്ധസമിതി ചൂണ്ടിക്കാണിക്കുന്നത്. 2019-ലും 2024-ലും പദ്ധതിപ്രദേശത്തിനു സമീപത്തായി വലിയതോതിലുള്ള ഉരുൾപൊട്ടലുണ്ടായി. കടുത്ത ആൾനാശവും നാശനഷ്ടവുമുണ്ടായി. അതുകൊണ്ട് നിർമാണംനടക്കുമ്പോഴും അതിനുശേഷവും വൈബ്രേഷൻമൂലം മണ്ണിടിച്ചിൽ ഇല്ലാതിരിക്കാൻ മുൻകരുതൽവേണം. എന്തുനടപടിയാണ് ഇക്കാര്യത്തിൽ സ്വീകരിക്കുകയെന്നാണ് സമിതി ഉന്നയിച്ച പ്രധാനചോദ്യം. വിദഗ്ധസ്ഥാപനങ്ങളുടെ റിപ്പോർട്ടുകളുൾപ്പെടെയുള്ള വിശദാംശങ്ങൾ ഇക്കാര്യത്തിൽ സമർപ്പിക്കണം.
പശ്ചിമഘട്ടത്തിലൂടെയാണ് പദ്ധതി കടന്നുപോവുന്നത്. ബാണാസൂര ചെലപ്പൻ, നീലഗിരി ഷോലക്കിളി തുടങ്ങി അഞ്ചുതരം വംശനാശഭീഷണിനേരിടുന്ന പക്ഷികളുടെ ആവാസകേന്ദ്രമാണിവിടം. തുരങ്കപാതകൊണ്ട് പക്ഷികളുടെ ആവാസവ്യവസ്ഥയ്ക്കും ജൈവവൈവിധ്യത്തിനുമുണ്ടാവുന്ന ആഘാതം എങ്ങിനെ കുറയ്ക്കാമെന്നും സമിതി സംസ്ഥാനസർക്കാരിനോട് ചോദിച്ചിട്ടുണ്ട്. നേരത്തേ സംസ്ഥാന പാരിസ്ഥിതികാഘാത നിർണയ അതോറിറ്റി പദ്ധതിക്ക് അനുമതിനൽകിയിരുന്നു. എന്നാൽ, ഉത്തരവിറങ്ങുന്നതിനു മുൻപേ സമിതിയംഗങ്ങളുെട കാലാവധി പൂർത്തിയായതുകൊണ്ടാണ് കേന്ദ്രസമിതിയുടെ അനുമതിക്കായി സമർപ്പിക്കേണ്ടിവന്നത്.
8.735 കിലോമീറ്ററിലാണ് തുരങ്കപാത പണിയുന്നത്. ടണലിന്റെ ദൂരംമാത്രം 8.11 കിലോമീറ്ററുണ്ട്. തിരുവന്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലിലിൽനിന്നുതുടങ്ങി മേപ്പാടി കള്ളാടിയിലാണ് തുരങ്കപാത എത്തിച്ചേരുന്നത്. സമുദ്രനിരപ്പിൽനിന്ന് എഴുന്നൂറുമുതൽ 2061 അടിവരെ ഉയരത്തിലാണ് പദ്ധതിപ്രദേശം. താമരശ്ശേരി ചുരത്തിന് ബദലായാണ് തുരങ്കപാത പണിയുന്നത്. പാരിസ്ഥിതികാനുമതി നിഷേധിച്ചിട്ടില്ല
കേന്ദ്രസമിതി ചോദിച്ച വിവരങ്ങൾ ഉടൻനൽകും. റിപ്പോർട്ട് അടുത്ത ഹിയറിങ്ങിനുമുൻപാണ് സമർപ്പിക്കേണ്ടത്. അനുമതിലഭിക്കാൻ മറ്റുതടസ്സങ്ങളൊന്നുമില്ല. അതുകൊണ്ട് പദ്ധതിയുമായി മുന്നോട്ടുപോവാൻകഴിയും. പാരിസ്ഥിതികാനുമതി നിഷേധിച്ചിട്ടില്ല, അവർ ചില ചോദ്യങ്ങളുന്നയിച്ചു. അതിന്റെ മറുപടിക്കായി മാറ്റിവെക്കുകമാത്രമാണ് ചെയ്തത്. അതൊരു സാധാരണ നടപടിക്രമമാണ്.





