യൂറോ കപ്പില്‍ അഞ്ചാം തവണയും കലാശപ്പോരിലേക്ക് മുന്നേറി സ്‌പെയിന്‍. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സിനെ സ്‌പെയിന്‍ പരജായപ്പെടുത്തിയത്. സ്പാനിഷ് മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. അഞ്ചാംമിനിറ്റില്‍ സുന്ദരമായ നീക്കങ്ങളിലൂടെ കൗമാരക്കാരന്‍ ലാമിന്‍ യമാല്‍ ഇടതുവിങ്ങില്‍ നിന്ന് തുടക്കമിട്ട നീത്തിന്റെ അവസാനം പന്ത് നികോ വില്ല്യംസില്‍. വില്ല്യംസ് ഫാബിയന്‍ റൂയീസ് പോസ്റ്റിനെ ലക്ഷ്യമിട്ടെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. ഏഴാം മിനിറ്റില്‍ കോലോ മുവാനി എംബാപെക്ക് കൃത്യമായി നല്‍കിയ പന്ത് ഗോളിലേക്ക് അടുക്കുന്നതിന് മുമ്പ് ജീസസ് നവാസ് രക്ഷകനായി. തൊട്ടടുത്ത നിമിഷം ഫ്രാന്‍സിന്റെ ഗോള്‍ വന്നു. എട്ടാം മിനിറ്റില്‍ ഡെംബലെയുടെ പാസ് ബോക്‌സിന്റെ ഇടതുവിങ്ങില്‍ സ്വീകരിച്ച എംബാപ്പെ ഒന്നോ രണ്ടോ ടച്ചില്‍ മറുവശത്തേക്ക് കൃത്യതയാര്‍ന്ന ക്രോസിലേക്ക് കോലോ മുവാനി തലവെച്ചത് അനായാസം വലക്കുള്ളില്‍. ഫ്രാന്‍സ് മുന്നില്‍. സ്‌കോര്‍ 1-0.
ഗോള്‍വീണതോടെ സ്പാനിഷ് ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചയേറി. 21-ാം മിനിറ്റില്‍ കിടിലന്‍ ഷോട്ടിലൂടെ 16-കാരന്‍ ലമിന്‍ യമാല്‍ സ്പെയിനിനെ ഒപ്പമെത്തിച്ചു. പെനാല്‍റ്റി ഏരിയക്ക് പുറത്ത് ഫ്രഞ്ച് ഡിഫന്‍ഡര്‍മാരെ ഡ്രിബിള്‍ ചെയ്ത് യമാല്‍ തൊടുത്ത ഇടംകാലനടി ഫ്രഞ്ച് പോസ്റ്റിലിടിച്ച ശേഷം വലയില്‍ കയറുകയായിരുന്നു. സ്‌കോര്‍ 1-1. ഇതോടെ യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോററെന്ന നേട്ടവും സ്പെയിനിന്റെ യുവതാരം സ്വന്തമാക്കി. സമനില ഗോല്‍ കണ്ടെത്തിയിട്ടും സ്പാനിഷ് ആക്രമണങ്ങള്‍ക്ക് കുറവുണ്ടായില്ല. ഇതിനുള്ള ഫലം 25-ാം മിനിറ്റില്‍ കണ്ടു. ഒരു മുന്നേറ്റത്തിനൊടുവില്‍ വലതുഭാഗത്തുനിന്ന് ജീസസ് നവാസ് നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ഫ്രഞ്ച് താരം വില്യം സാലിബയില്‍ നിന്ന് പന്ത് ബോക്സില്‍ ഡാനി ഓല്‍മോയുടെ പക്കല്‍. വെട്ടിത്തിരിഞ്ഞ് ഓല്‍മോ അടിച്ച പന്ത് തടയാന്‍ യൂള്‍സ് കുണ്‍ഡെ കാലുവെച്ചിട്ടും ഫലമുണ്ടായില്ല. സ്‌കോര്‍ 2-1. പന്ത് വലയില്‍. ഇത്തവണത്തെ യൂറോയില്‍ താരത്തിന്റെ മൂന്നാം ഗോള്‍. ഓല്‍മോയുടെ മികവില്‍ കൂടിയാണ് ഈ യൂറോയില്‍ സ്‌പെയിന്‍ തുടര്‍ച്ചയായി ജയത്തോടെ മുന്നേറിയിരിക്കുന്നത്.
രണ്ടാം പകുതിയില്‍ എന്ത് തന്ത്രങ്ങളായിരിക്കും ഇരുടീമുകളും പുറത്തെക്കുകയെന്ന ആകാംഷയുണ്ടായിരുന്നു കാണികള്‍ക്ക്. എന്നാല്‍ സ്പാനിഷ് പൊസഷന്‍ ഗെയിമിലൂടെ ലീഡ് നിലനിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു. പന്ത് ഹോള്‍ഡ് ചെയ്യുന്നതിനിടെ ഫ്രാന്‍സിന് ലഭിക്കുന്ന അവസരങ്ങളില്‍ പലപ്പോഴും അപകടകരമാംവിധം സ്‌പെയിനിന്റെ ഗോള്‍മുഖത്തേക്ക് ഇരച്ചെത്താന്‍ ഫ്രഞ്ച് പട തിടുക്കപ്പെട്ടു. ഇരു വിങ്ങുകളിലൂടെ ഫ്രഞ്ച് പടയാളികള്‍ തുടര്‍ച്ചയായി സ്പാനിഷ് ഗോള്‍മുഖത്ത് ഭീഷണി സൃഷ്ടിച്ചു കൊണ്ടേയിരുന്നു. എന്നാല്‍ അവസാനം വരെ പന്ത് കൈവശം വെച്ചും നഷ്ടപ്പെടുമ്പോള്‍ പ്രതിരോധിച്ചും നിന്ന് സ്‌പെയിന്‍ 2-1 എന്ന സ്‌കോറില്‍ തങ്ങളുടെ ഫൈനല്‍ പ്രവേശം ഉറപ്പാക്കി. മത്സരത്തില്‍ സ്‌പെയിന്‍ താരം ലാമിന്‍ യെമാല്‍ ബ്രസീല്‍ സൂപ്പര്‍താരം പെലെയുടെ റെക്കോര്‍ഡ് ഭേദിച്ചു. ഒരു പ്രധാന അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ സെമിഫൈനല്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ ആയി ലാമിന്‍ യമാല്‍ മാറി. 16 വയസും 11 മാസവും 27 ദിവസവും ഈ കുട്ടിതാരത്തിന്റെ പ്രായം. 1958-ലെ ലോകകപ്പില്‍ ഫ്രാന്‍സിനെതിരെ കളിച്ച മത്സരത്തിലാണ് പെലെ റോക്കോര്‍ഡ് ഇട്ടത്. 17-ാം വയസിലായിരുന്നു പെലെയുടെ ഈ മത്സരം.