
തിരുവനന്തപുരം: അതിസുരക്ഷാ മേഖലയായ സെക്രട്ടേറിയേറ്റിനുള്ളില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി ജീവനക്കാരൻ. ലേബർ ഡിപ്പാർട്മെന്റിലെ താത്ക്കാലിക ജീവനക്കാരനായ അനില്‍കുമാറാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്. കഴിഞ്ഞ രണ്ടാം തിയതിയാണ് സംഭവം.
സെക്രട്ടേറിയേറ്റിലെ ഒന്നാം നിലയിലുള്ള ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഓഫീസിലാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്. രാത്രി 8.30-നാണ് ഇയാള്‍ പ്രശ്നമുണ്ടാക്കിയത്. ഈ സമയത്ത് മറ്റ് സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ ആരുമുണ്ടായിരുന്നില്ല. ഇയാള്‍ എങ്ങനെ പരിശോധനയില്ലാതെ മദ്യം സെക്രട്ടേറിയേറ്റ് വളപ്പിലേക്ക് കൊണ്ടുവന്നു എന്ന കാര്യത്തിലും വ്യക്തതയില്ല.
മദ്യപിച്ച നിലയില്‍ സെക്രട്ടേറിയേറ്റ് വളപ്പിലേക്ക് കടക്കാനാകില്ലെന്നിരിക്കെ സുരക്ഷാ മേഖലയിലിരുന്ന് മദ്യപിച്ച സംഭവത്തില്‍ പോലീസ് മൂന്നാം തിയതിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്ഐആര്‍ ഇട്ടത്. അന്ന് രാത്രിതന്നെ ഇയാള്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്ന വിവരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ ലഭിച്ചിരുന്നു. പിന്നീട് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സുരക്ഷാ മേഖലയില്‍ ഇത്തരമൊരു സംഭവമുണ്ടായതിന്റെ നാണക്കേടിലാണ് പോലീസ്.





