Kannur

സിപിഎം പാർട്ടി കോൺ​ഗ്രസിലേക്ക് കെ വി തോമസ്? ഉറ്റുനോക്കി രാഷ്ട്രീയ കേരളം,നിർണയക തീരുമാനം ഇന്ന്

Please complete the required fields.




കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ വി തോമസ് പങ്കെടുക്കുമോയെന്ന് ഇന്നറിയാം. തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കെ വി തോമസ് രാവിലെ 11ന് കൊച്ചിയിലെ വസതിയിൽ മാധ്യമങ്ങളെ കാണും. എഐസിസി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്താൽ പാർട്ടിക്ക് പുറത്ത് പോകേണ്ടി വരുമെന്ന താക്കീത് കെപിസിസി നേതൃത്വവും പുറപ്പെടുവിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കെ വി തോമസിന്റെ നിലപാട് അദ്ദേഹത്തിന്റെ കോൺഗ്രസ് രാഷ്ട്രീയത്തിലെ നിലനിൽപ്പിനും പ്രധാനപ്പെട്ടതാണ്.

എന്നാൽ, ദേശീയതലത്തിൽ ബിജെപിക്കെതിരെ കോൺഗ്രസും സിപിഎമ്മും കൈകോർക്കുന്ന സാഹചര്യത്തിൽ പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു കെ വി തോമസിന്റെ നിലപാട്. പാർട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രമുണ്ടെങ്കിലേ കെ വി തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കൂവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്നലെ ദില്ലിയിൽ പറഞ്ഞിരുന്നു. സിപിഎം പാർട്ടി കോൺ​ഗ്രസ് സെമിനാറിൽ കെ വി തോമസ് പങ്കെടുക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്.

സെമിനാറിൽ പങ്കെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നാണ് കെ വി തോമസ് തന്നോട് പറഞ്ഞത്. കെ വി തോമസ് പാർട്ടി നിലപാടിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ തലത്തിലെ നിലപാടല്ല കേരളത്തിൽ സിപിഎമ്മിന്. അവരോട് സഖ്യത്തിൻ്റെ ആവശ്യമില്ല. സ്വന്തം പാർട്ടി പ്രവർത്തകരുടെ ചോര വീണ മണ്ണിൽ സിപിഎമ്മുമായി കൈ കൊടുക്കാൻ ആകില്ലെന്നും സുധാകരൻ പറഞ്ഞു. എന്നാൽ, കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച സെമിനാറിലേക്ക് കെ വി തോമസ് വരുമെന്ന് സിപിഎം ഉറപ്പിച്ച് പറയുന്നത് ചില കാരണങ്ങളാലാണ്.

കോൺഗ്രസിന്‍റെ  കേന്ദ്ര നേതൃത്വത്തിൽ കെ വി തോമസിന് പഴയതുപോലെ പിടിപാടില്ല.  കെ സുധാകരനും വിഡി സതീശനും ഉൾപ്പെട്ട സംസ്ഥാന നേതൃത്വവുമായും അദ്ദേഹം കടുത്ത അകൽച്ചയിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും തഴ‍ഞ്ഞതോടെ തോമസിന്‍റെ മുന്നോട്ടുളള രാഷ്ടീയ വഴിയും അത്ര ശുഭകരമല്ല. 

ഈ സാഹചര്യത്തിൽ മുതിർന്ന നേതാവായ തോമസിനെ പാ‍ർട്ടി കോൺഗ്രസ് വേദിയിലെത്തിച്ചാൽ സംസ്ഥാനത്തെ കോൺഗ്രസിന് അത് തിരിച്ചടിയാകും. എഐസിസി വിലക്കുപോലും ലംഘിച്ച് കെ വി  തോമസ് വന്നാൽ  സംസ്ഥാനത്ത് രാഷ്ടീയമായി ഉപയോഗിക്കാനുമാകും.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ തന്നെ കെ വി തോമസ് സിപിഎമ്മിലേക്കെന്ന അഭ്യൂഹം ശക്തമാണ്. ഈ പ്രചാരണത്തിന് കൂടുതൽ എണ്ണ പകരാനും ഇതുവഴികഴിയുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്. ദേശീയ തലത്തിൽ ബിജെപിക്കെതിരെ കോൺഗ്രസും സിപിഎമ്മും കൈകോർത്തുനിൽക്കുന്ന സാഹചര്യത്തിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിൽ തെറ്റില്ല എന്ന പരസ്യ നിലപാടാണ് കെ വി തോമസിന്‍റേത്.

പാ‍ർട്ടി കോൺഗ്രസിലേക്കല്ല, സെമിനാറിലേക്കാണ് വിളിച്ചതെന്നാണ് ന്യായം. ഇതുവഴി തന്‍റെ രാഷ്ടീയ നിലപാട് കൂടി പറയാനുളളതാണ് ശ്രമമാണ് കെ വി തോമസ് നട‌ത്തുന്നത്. അതേസമയം സിപിഎമ്മിന്റെ പ്രണയ തട്ടിപ്പിൽ കെ വി തോമസ് ദയവായി കുടുങ്ങരുതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം. യൗവ്വനം മുതൽ ഇഎംഎസ് ഉൾപ്പെടെയുള്ളവർ തന്നെ സിപിഎം വേദികളിലേക്ക് ആനയിച്ചിരുന്നു.

അന്നത്തെ സ്റ്റേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോധ്യപ്പെട്ടത്. ആ മരണക്കെണിയിൽ ഇരുപതു വർഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥർ ഒരിക്കലും പട്ടിണിക്കിടാറില്ല. കോൺഗ്രസിന്റെ ജനാധിപത്യ സംസ്ക്കാരത്തിൽ ജനിച്ചു വളർന്ന കെ വി തോമസിന് സിപിഎമ്മിന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ലെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. 

Related Articles

Leave a Reply

Back to top button