
ലണ്ടന്‍: യുകെയിലെ പ്രശസ്തമായ ദി ജോണ്‍സണ്‍സ് ഓഫ് ഓള്‍ഡ് ഹര്‍സ്റ്റ് മൃഗശാലയിൽ മൂന്ന് വയസ്സുകാരന്‍ മുതലകളുടെ കൂട്ടിലേക്ക് വീണ സംഭവത്തിൽ ദുരൂഹതയേറുന്നു.
കുട്ടി അബദ്ധത്തിൽ വീണതല്ലെന്നും, മുപ്പതുകാരനായ ഒരാൾ ബോധപൂർവം കുട്ടിയെ കൂട്ടിലേക്ക് എറിഞ്ഞതാണെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ. ഈ സംഭവത്തിൽ നോർഫോക്കിൽ നിന്നുള്ള മുപ്പതുകാരനെ പോലീസ് വധശ്രമത്തിന് അറസ്റ്റ് ചെയ്തു.
ഉച്ചയ്ക്ക് 1.24 ഓടെയാണ് മൃഗശാലയിലെ മുതലകളുടെ കൂടിനടുത്ത് ദാരുണമായ സംഭവം നടന്നത്. കുട്ടിയെ അപായപ്പെടുത്താനുള്ള വ്യക്തമായ ഉദ്ദേശത്തോടെയാണ് ഇയാൾ പ്രവർത്തിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് കടുത്ത വകുപ്പുകൾ ചുമത്തി കേസെടുത്തത്.പ്രതിയും കുട്ടിയും തമ്മിൽ മുൻപരിചയമൊന്നും ഇല്ലെന്ന് വ്യക്തമായ പോലീസ്, ഇയാൾ എന്തിനാണ് ഇത്തരമൊരു ക്രൂരകൃത്യത്തിന് മുതിർന്നതെന്ന് കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
മുതലകളുടെ കൂടിനുള്ളിൽ നിന്ന് ഗുരുതര പരിക്കുകളോടെ പുറത്തെടുത്ത കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെങ്കിലും തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
സംഭവത്തിൽ മൃഗശാല അധികൃതർ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും, മുതലകളെ പാർപ്പിച്ചിരുന്ന ട്രോപ്പിക്കൽ ഹൗസ് താൽക്കാലികമായി അടച്ചിടുകയും ചെയ്തു.





