മനുഷ്യത്വം മരിച്ചിട്ടില്ല….: ‘ഞാൻ മുണ്ടില്ലാതെ നിൽക്കുന്നതൊന്നും ചിന്തിച്ചില്ല, ചിന്തിച്ചത് അവരുടെ നഗ്നത മറയ്ക്കണം എന്നുമാത്രം’; മാതൃകയായി ചായക്കച്ചവടക്കാരൻ

തൃപ്പൂണിത്തുറയിൽ ഉണ്ടായ റോഡപകടത്തിൽ പരിക്കേറ്റ സ്ത്രീക്ക് തുണയായി സ്വന്തം മുണ്ടൂരി നൽകി ചായ വിൽപ്പനക്കാരൻ ഷാജിയുടെ കരുതൽ. അപകടത്തിന്റെ ആഘാതത്തിൽ വസ്ത്രം കീറിപ്പറിഞ്ഞ്, അങ്ങേയറ്റം പരിഭ്രാന്തയായി റോഡിൽ കിടന്ന സ്ത്രീയെ കണ്ടുനിന്നവർ പകച്ചുപോയ നിമിഷമായിരുന്നു ഷാജി അവിടുത്തെത്തിയത്.
അപകടത്തിൽ ബസിനടിയിൽപ്പെട്ട സ്ത്രീയുടെ വസ്ത്രം കീറിയ നിലയിലാണെന്ന് ശ്രദ്ധയിൽപ്പെട്ട ഷാജി, മറ്റൊന്നും ആലോചിക്കാതെ തന്റെ മുണ്ട് അഴിച്ച് അവർക്ക് നൽകി. ചുറ്റുമുള്ളവരെക്കുറിച്ചോ സ്വന്തം അവസ്ഥയെക്കുറിച്ചോ ചിന്തിക്കാതെ, പരിക്കേറ്റ സ്ത്രീയുടെ അന്തസ്സ് സംരക്ഷിക്കാൻ കാണിച്ച ഷാജിയുടെ ഇടപെടൽ വലിയ പ്രശംസയാണ് പിടിച്ചുപറ്റിയത്.
അപകടത്തിൽ ബസിനടിയിൽപ്പെട്ട സ്ത്രീയുടെ വസ്ത്രം കീറിയെന്ന് കണ്ടതോടെയാണ് ഷാജി തന്റെ മുണ്ട് അഴിച്ച് ഉടുപ്പിച്ചത്. ഞാൻ മുണ്ടില്ലാതെ നിൽക്കുന്നതൊന്നും ചിന്തിച്ചില്ല. വല്ലാത്തൊരവസ്ഥയിൽ നിൽക്കുന്ന അപകടത്തിൽപ്പെട്ട സ്ത്രീയെ രക്ഷിക്കണം, അവരുടെ നഗ്നത മറയ്ക്കണം എന്നത് മാത്രമായിരുന്നു ആ സമയത്തെ ചിന്തയെന്നാണ് ഷാജി പ്രതികരിക്കുന്നത്.സംഭവം കണ്ടുനിന്നവരും നാട്ടുകാരും ഷാജിയുടെ ഇടപെടലിനെ അഭിനന്ദിച്ചു. ദുരന്ത സാഹചര്യങ്ങളിൽ ദൃശ്യങ്ങൾ പകർത്തുന്നതിലുപരി മനുഷ്യന്റെ മാനവും സ്വകാര്യതയും സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ഷാജിയുടെ പ്രവൃത്തി വലിയ രീതിയിലാണ് കയ്യടി നേടുന്നത്.
ഷാജിയുടെ ഇടപെടൽ സാമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടിയിട്ടുണ്ട്. സ്ത്രീയുടെ ആത്മാഭിമാനം സംരക്ഷിക്കാൻ അദ്ദേഹം കാണിച്ച കരുതലിന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. ജൂൺ 16ന് ഉച്ചയോടെയാണ് തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിൽ അപകടമുണ്ടായത്. സ്വകാര്യ ബസിന്റെ മുൻ ചക്രത്തിന് അടിയിലേക്കാണ് സ്ത്രീ വീണത്. മീറ്ററുകളോളം ടയറിൽ കുരുങ്ങി വലിച്ചിഴച്ചതോടെയാണ് യുവതിയുടെ വസ്ത്രങ്ങൾ പൂർണമായി കീറിപ്പോയത്.





