World

റൺവേയ്ക്ക് തൊട്ടരികെ വിമാനം ഹൈവേയിലേക്ക് തകർന്നു വീണു; ഒരാൾ മരിച്ചു, അത്ഭുതകരമായി രക്ഷപ്പെട്ട് അഞ്ച് പേർ

Please complete the required fields.




ടെക്‌സസ്: യുഎസ്-മെക്‌സിക്കോ അതിർത്തിയോട് ചേർന്നുള്ള ദക്ഷിണ ടെക്‌സസിലെ തിരക്കേറിയ ഹൈവേയിൽ ചെറുവിമാനം തകർന്നു വീണ് ഒരാൾ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന ഒരാൾ സംഭവസ്ഥലത്തുതന്നെയാണ് മരണപ്പെട്ടത്. പരിക്കേറ്റ മറ്റ് അഞ്ച് പേരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.

തിരക്കേറിയ ഹൈവേയിലേക്കാണ് വിമാനം തകർന്നു വീണതെങ്കിലും റോഡിലുണ്ടായിരുന്ന വാഹനങ്ങൾക്കോ യാത്രക്കാർക്കോ പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും ഇതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും യുഎസ് വ്യോമയാന അധികൃതർ വ്യക്തമാക്കി. വിമാനത്തിൽ നിന്നുള്ള പുക ശ്വസിച്ച് അസ്വസ്ഥത പ്രകടിപ്പിച്ച അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ദുരന്തമുഖത്ത് ജീവൻ പണയം വെച്ച് നാട്ടുകാരും മറ്റ് യാത്രക്കാരും നടത്തിയ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് അഞ്ച് ജീവനുകൾ രക്ഷപ്പെടാൻ കാരണമായത്.

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ ലറെഡോയിലെ ലൂപ്പ് 20 ഹൈവേയിലായിരുന്നു സംഭവം. ആറുപേരുമായി സഞ്ചരിച്ച നെറ്റ്ജെറ്റ്‌സ് കമ്പനിയുടെ സെസ്‌ന സൈറ്റേഷൻ ലാറ്റിറ്റിയൂഡ് എന്ന വിമാനമാണ് കത്തിയമർന്നത്. മെക്‌സിക്കോയിലെ സാൻ ഹൊസെ ഡെൽ കാബോയിൽ നിന്ന് ടെക്‌സസിലെ ഓസ്റ്റിനിലേക്ക് പോവുകയായിരുന്നു വിമാനം. യാത്രയ്ക്കിടയിൽ അനുഭവപ്പെട്ട സാങ്കേതിക തകരാറും ഇന്ധനക്ഷാമവും മൂലം വിമാനം ലറെഡോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. എന്നാൽ റൺവേയ്ക്ക് വെറും രണ്ട് കിലോ മീറ്റർ അകലെ വെച്ച് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം വിമാനത്തിന് നഷ്ടമായി. തുടർന്ന് നിയന്ത്രണം വിട്ട് ഹൈവേയിലേക്ക് പതിക്കുകയായിരുന്നു.

ഹൈവേയിലൂടെ നീങ്ങിയ വിമാനം റോഡിലുണ്ടായിരുന്ന ഒരു വാഹനത്തിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ വിമാനം രണ്ടായി പിളരുകയും വലിയ രീതിയിൽ തീപിടിക്കുകയും ചെയ്തു. വിമാനത്തിന് തീപിടിക്കുന്നത് കണ്ട് ഹൈവേയിലൂടെ പോയ മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരും നാട്ടുകാരും, കൈയിൽ കിട്ടിയ മൺവെട്ടിയും ചുറ്റികയും ഉപയോഗിച്ച് വിമാനത്തിന്റെ കോക്പിറ്റ് വിൻഡ്ഷീൽഡ് തല്ലിപ്പൊളിക്കുകയായിരുന്നു.

Related Articles

Back to top button