ഗര്‍ഭിണിയുടെ മരണം കൊലപാതകമെന്ന് പൊലീസ്: കഴുത്ത് ഞെരിച്ചു, വായും മൂക്കും പൊത്തി; കൊലക്കുറ്റം സമ്മതിച്ച് മൊഴി

കല്ലടിക്കോട്; കരിമ്പ വെട്ടത്തെ ഗര്‍ഭിണിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.കരിമ്പ വെട്ടം പടിഞ്ഞാക്കരവീട്ടില്‍ സജിതയാണ് (26) കൊല്ലപ്പെട്ടത്. കേസില്‍ കല്ലടിക്കോട് പോലിസ് അറസ്റ്റുചെയ്ത ഭര്‍ത്താവ് വെട്ടം പടിഞ്ഞാക്കര വീട്ടില്‍ നിഖിലിനെ (28) കോടതി റിമാന്‍ഡ് ചെയ്തു.ഞായറാഴ്ച രാവിലെ സമീപവാസികളാണ് സജിതയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.നിഖിലിന് സജിതയെ സംശയമായിരുന്നുവെന്നും വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്നും പോലീസ് പറയുന്നു. ശനിയാഴ്ച രാത്രിയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായി.
അര്‍ധരാത്രിയോടെ വഴക്കുണ്ടാവുകയും നിഖില്‍ സജിതയുടെ കഴുത്ത് ഞെരിച്ചുവെന്നും ഉച്ചത്തില്‍ ശബ്ദിച്ചതോടെ സജിതയുടെ വായും മൂക്കും പൊത്തിപ്പിടിച്ചുവെന്നും നിഖില്‍ പോലീസിന് മൊഴിനല്‍കി.സജിത മരിച്ചെന്ന് ഉറപ്പായതോടെ പുലര്‍ച്ചെ ഒന്നരമണിക്ക് കുട്ടികളുമൊത്ത് വീടുവിട്ടിറങ്ങുകയായിരുന്നു. അമ്മയും സഹോദരിയുമുള്ള തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു പദ്ധതി.കരിമ്പയില്‍നിന്നു ആദ്യം പാലക്കാട്ടും പിന്നീട് കോയമ്പത്തൂരിലുമെത്തി. ഇവിടെവെച്ച് സഹോദരിയെ ഫോണില്‍ വിളിച്ച് സാമ്പത്തികസഹായം ആവശ്യപ്പെട്ടു.മറ്റൊരാളുടെ ഫോണിലേക്ക് പണമയക്കാനാണ് ആവശ്യപ്പെട്ടത്. ഇതിനിടെ നിഖിലിന്റെ സഹോദരി വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് സമീപവാസികള്‍ ചെന്ന് നോക്കിയപ്പോഴാണ് സജിതയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്.നിഖിലിനെ പിന്നീട് കല്ലടിക്കോട് പോലീസ് തമിഴ്നാട് പോലീസിന്റെ സഹായത്തോടെ സേലത്തുനിന്ന് പിടികൂടുകയായിരുന്നു.
ഞായറാഴ്ച രാത്രി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ വെട്ടത്തുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കി.





