Pathanamthitta
വനംവകുപ്പ് ജീവനക്കാരെ കയ്യേറ്റം ചെയ്തെന്ന പരാതി; സിപിഎം പ്രവർത്തകർക്കെതിരെ ഒടുവിൽ കേസെടുത്ത് പൊലീസ്
പത്തനംതിട്ട: വനംവകുപ്പ് ജീവനക്കാരെ കയ്യേറ്റം ചെയ്തുവെന്ന പരാതിയിൽ ഒടുവിൽ കേസെടുത്ത് പൊലീസ്. പത്തനംതിട്ട ചിറ്റാർ പൊലീസാണ് സിപിഎം പ്രവർത്തകർ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്. പരാതി നല്‍കിയിട്ടും 4 ദിവസം വൈകിയാണ് സംഭവത്തില്‍ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സിപിഎം പ്രവർത്തകർ അടക്കം 12 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.
വനിതാ ജീവനക്കാരിയുടെ കൈപിടിച്ച് തിരിച്ചുവെന്നും ജീവനക്കാരെ പ്രതികൾ സംഘം ചേർന്ന് കയ്യേറ്റം ചെയ്തുവെന്നും എഫ്ഐആറില്‍ പറയുന്നു. കൊച്ചുകോയിക്കൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേഷ് കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് കേസിനസ്പദമായ സംഭവം ഉണ്ടായത്. റോഡ് വക്കിൽ മുറിച്ചിട്ട നിലയിൽ കണ്ടെത്തിയ തടികൾ പരിശോധിക്കവേ ആയിരുന്നു സംഭവം.