India

മണിപ്പൂരിൽ വീണ്ടും സംഘർഷം; ജിരിബാം മേഖലയിൽ എഴുപതോളം വീടുകൾക്ക് തീയിട്ടു

Please complete the required fields.




ഇംഫാല്‍ : മണിപ്പൂരിൽ വീണ്ടും സംഘർഷം. ജിരിബാം മേഖലയിൽ എഴുപതോളം വീടുകൾക്ക് തീയിട്ടു. 250 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. രണ്ട് പൊലീസ് ഔട്ട്‌പോസ്റ്റുകളും ഒരു ഫോറസ്റ്റ് ഓഫീസിനും അക്രമികള്‍ തീയിട്ടിട്ടുണ്ട്. അതേസമയം കലാപം നടന്ന ജിരിബാം ജില്ലയിലെ പൊലീസ് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തു. സംഘർഷം രൂക്ഷമായതോടെ, സുരക്ഷാ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി 70ലധികം വരുന്ന സംസ്ഥാന പൊലീസ് കമാൻഡോകളുടെ ഒരു സംഘത്തെ മേഖലയിലേക്ക് അയച്ചിട്ടുണ്ട്.

അതിനിടെ, ജിരിബാമിലെ പ്രദേശങ്ങളിൽ നിന്ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന 239ഓളം മെയ്തെയ് വിഭാഗം ആളുകളെ, വെള്ളിയാഴ്ച ഒഴിപ്പിച്ചു. ഇവരെ ജില്ലയിലെ തന്നെ ഒരു മൾട്ടി സ്‌പോർട്‌സ് കോംപ്ലക്‌സിൽ പുതുതായി സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ലാംതായ് ഖുനൂ, ദിബോംഗ് ഖുനൂ, നുങ്കാൽ, ബെഗ്ര ഗ്രാമങ്ങളിലെ 70ലധികം വീടുകള്‍ക്കാണ് അക്രമികള്‍ തീവെച്ചത്. ഇവരെയെല്ലാം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം ജിരിബാം ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂരിലെ ഇന്നർ ലോക്‌സഭാ സീറ്റിൽ നിന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എം.പി അംഗോംച ബിമോൾ അക്കോയിജം രംഗത്ത് എത്തി.

ഗ്രാമവാസികളിൽ ഒരാൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ജിരിബാം മേഖലയിൽ കലാപം പൊട്ടിപുറപ്പെട്ടത്. രാവിലെ തന്റെ കൃഷിയിടത്തിലേക്ക് പോയ 59 കാരനായ ശരത്കുമാർ സിങിനെ കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. തല വെട്ടിമാറ്റിയ നിലയിലാണ് ഇയാളെ കാണപ്പെട്ടതെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. മെയ്‌തെയ്, മുസ്‍ലിംകള്‍, നാഗാസ്, കൂക്കി, മണിപ്പൂരുകാരല്ലാത്തവര്‍ എന്നിവര്‍ ഉൾപ്പെടെ വിവധ വിഭഗത്തിൽപ്പെവർ താമസിക്കുന്ന മേഖലയാണ് ജിരിബാം.
കഴിഞ്ഞ വർഷം മെയ് മുതൽ മണിപ്പൂരിനെ അശാന്തമാക്കിയ വംശീയ കലാപം ജിരിബാം മേഖലയെ ബാധിച്ചിട്ടില്ലായിരുന്നു.

Related Articles

Back to top button