Ernakulam

സ്വന്തം വൃക്ക വില്‍ക്കാന്‍ ശ്രമിച്ച് തുടങ്ങിയ ബന്ധം; റാക്കറ്റിനെ കുടുക്കിയത് വിദേശയാത്രകളിലെ സംശയം

Please complete the required fields.




കൊച്ചി: ഇറാനിലെത്തിച്ച് അവയവക്കടത്ത് നടത്തിയ കേസില്‍ ഹൈദരാബാദില്‍ നിന്ന് പിടികൂടിയ മുഖ്യസൂത്രധാരന്‍ വിജയവാഡ സ്വദേശി ബല്ലംകോണ്ട രാംപ്രസാദിനെ (പ്രതാപ്) കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷക സംഘം തിങ്കളാഴ്ച അപേക്ഷ നല്‍കും.തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലുണ്ടാകും. അവയവക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.അതിനിടെ ഇയാളുടെ ഫോണിലെ വിവരങ്ങള്‍ ഫൊറന്‍സിക് ലാബില്‍ പരിശോധിച്ചുവരുകയാണ്.

പരിശോധനാഫലത്തില്‍നിന്ന് കേസില്‍ മധുവിന്റെ പങ്കാളിത്തത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷക സംഘം. ഫോണില്‍നിന്നും നശിപ്പിച്ച സന്ദേശങ്ങളുള്‍പ്പെടെ തിരിച്ചെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.പ്രതാപന്‍ രണ്ട് മാസത്തിനിടെ കോയമ്പത്തൂരിലെത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പൊള്ളാച്ചിയില്‍ താമസിക്കുന്ന മലയാളിയായ ഷമീറിന്റെ വൃക്ക കൈമാറുന്നതിനുള്ള നടപടികള്‍ക്കായാണ് ഇയാള്‍ എത്തിയതെന്നാണ് കണ്ടെത്തല്‍.
അവയവം നല്‍കിയ ഷമീറിനെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. ഇയാള്‍ കോയമ്പത്തൂരിലെ ഒരു ഹോട്ടലില്‍ കഴിഞ്ഞ മാസം 21-ന് തങ്ങിയിരുന്നു. ഇതിന്റെ സി.സി.ടി.വി. ദൃശ്യം അന്വേഷകസംഘത്തിന് ലഭിച്ചു.എന്നാല്‍, പിറ്റേന്ന് ഇയാള്‍ ഇവിടെ നിന്നും മുറിയൊഴിയുകയായിരുന്നു. കേവലം ഒരു മാസം മുന്‍പാണ് ഷമീര്‍ അവയവകൈമാറ്റം നടത്തിയത്. അതിനാല്‍ ഒളിവില്‍ കഴിയുന്ന ഷമീറിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടോയെന്നും സംശയമാണ്.അതിനിടെ ഇരയാക്കപ്പെട്ട ദാതാക്കളില്‍ നിന്ന് പരാതി വാങ്ങാനുള്ള ശ്രമവും പോലീസ് നടത്തുന്നുണ്ട്.

റാക്കറ്റിനെ കുടുക്കിയത് വിദേശയാത്രകളിലെ സംശയം ; ദുരൂഹമായ വിദേശയാത്രകളില്‍ നിന്നുയര്‍ന്ന സംശയത്തിന്റെ പിറകേ നടത്തിയ അന്വേഷണം വെളിച്ചത്തുകൊണ്ടുവന്നത് അന്താരാഷ്ട്ര അവയവക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍. ഇറാനിലെത്തിച്ച് 20 ഇന്ത്യക്കാരുടെ അവയവം വില്പന നടത്തിയ കേസില്‍ ആദ്യം കൊച്ചിയില്‍ പിടിയിലായ തൃശ്ശൂര്‍ വലപ്പാട് സ്വദേശി സാബിത്തിന്റെ യാത്രകളിലാണ് ദൂരൂഹത തോന്നിയത്.

വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഉയര്‍ത്തിയ സംശയങ്ങളെത്തുടര്‍ന്ന് പോലീസ് സാബിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അവയവക്കടത്ത് മാഫിയയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യം. വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. 2019-ലാണ് സാബിത്ത് ശ്രീലങ്കയിലേക്ക് പോയത്.
അവിടെനിന്ന് നേരേപോയത് ഇറാനിലേക്കായിരുന്നു. പിന്നീട് ഇടയ്ക്ക് ഡല്‍ഹിയിലെത്തിയെങ്കിലും കേരളത്തിലേക്ക് വന്നില്ല. തിരിച്ച് ഇറാനിലേക്ക് മടങ്ങി. ഏറ്റവുമൊടുവില്‍ കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോഴാണ് സാബിത്തിനെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെച്ച് നെടുമ്പാശ്ശേരി പോലീസിന് കൈമാറിയത്. യാത്രകളില്‍ സാബിത്തിനൊപ്പം ദാതാക്കളുടെ സാന്നിധ്യവും ദുരൂഹതയുയര്‍ത്തി.

വിദേശയാത്രകള്‍ക്കൊപ്പം ഇവരുടെ സംഘത്തിന്റെ പേരില്‍ കൊച്ചിയില്‍ ആരംഭിച്ച വ്യാജ കമ്പനിവഴി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതും പോലീസിന് സംശയം വര്‍ധിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2019-ല്‍ സ്വന്തം വൃക്ക വില്‍ക്കാന്‍ ശ്രമിച്ചതോടെയാണ് ഈ മേഖലയിലെ സാധ്യത സാബിത്ത് തിരിച്ചറിഞ്ഞതെന്നാണ് പോലീസിന് നല്‍കിയ മൊഴി. തുടര്‍ന്നാണ് ഇയാള്‍ ഇരകളെ തേടിത്തുടങ്ങിയത്.അതിനിടെ, കേസിലെ മുഖ്യപ്രതി ഇറാനില്‍ കഴിയുന്ന എറണാകുളം സ്വദേശി മധുവിന് അന്തര്‍ദേശീയ അവയവക്കടത്ത് റാക്കറ്റുകളുമായി ബന്ധമുണ്ടെന്ന സംശയവും പോലീസിനുണ്ട്.ഇറാനില്‍നിന്ന് പദ്ധതി ആസൂത്രണം ചെയ്യുന്ന മധുവിന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പുറമേ ശ്രീലങ്ക, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളിലും കൊച്ചിയിലുള്ളതുപോല സംഘങ്ങള്‍ ആളുകളെ ഇറാനിലെത്തിച്ച് നല്‍കുന്നതായാണ് വിവരം.
ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, ഡല്‍ഹി, ബംഗാള്‍, മധ്യപ്രദേശ്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ഇയാള്‍ അവയവങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അവിടങ്ങളിലെ ആശുപത്രികളുമായും മധുവിന് ബന്ധമുണ്ട്.

Related Articles

Back to top button