Wayanad

വയനാട്ടില്‍ 15 വര്‍ഷത്തിനുള്ളില്‍ നൂറിലധികം കര്‍ഷക ആത്മഹത്യ; കണക്ക് കളക്ടറുടെ റിപ്പോര്‍ട്ടില്‍

Please complete the required fields.




കല്‍പറ്റ : വയനാട്ടില്‍ 15 വര്‍ഷത്തിനുള്ളില്‍ ആത്മഹത്യചെയ്തത് നൂറിലധികം കര്‍ഷകരെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്. കര്‍ഷക ആത്മഹത്യകള്‍ തടയുന്നതുമായി ബന്ധപ്പെട്ട് കളക്ടര്‍ ഡോ. രേണുരാജ് മനുഷ്യാവകാശ കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ബാങ്കുകളില്‍ കര്‍ശനവ്യവസ്ഥയുള്ളതിനാല്‍ സ്വകാര്യസ്ഥാപനങ്ങളില്‍നിന്ന് അമിതപലിശയ്ക്ക് വായ്പയെടുത്ത് കടബാധ്യതയിലായതിനാലാണ് ആത്മഹത്യചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വായ്പയ്ക്കായി കര്‍ഷകര്‍ പൊതുവേ സമീപിക്കുന്നത് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ബാങ്കുകളെയാണ്. അവരുടെ വ്യവസ്ഥകള്‍ തടസ്സമാവുമ്പോള്‍ സ്വകാര്യസ്ഥാപനങ്ങളെ സമീപിക്കും. അവര്‍ അമിതപലിശയും തിരിച്ചടവില്‍ കര്‍ശന നിബന്ധനകളുമായി എളുപ്പത്തില്‍ വായ്പകള്‍ അനുവദിക്കും. സ്വകാര്യസ്ഥാപനങ്ങളുടെ ഉയര്‍ന്ന പലിശനിരക്കില്‍ കര്‍ഷകര്‍ ഞെരുങ്ങിപ്പോകാറാണ് പതിവ്.വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെവരുമ്പോള്‍ ആത്മഹത്യയെ ആശ്രയിക്കുന്നു. ഇത് പരിഹരിക്കാന്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം. സ്വകാര്യസ്ഥാപനങ്ങള്‍ ഉയര്‍ന്നപലിശ ഈടാക്കുന്നത് തടയാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. കര്‍ഷകര്‍ക്ക് ബാങ്കിങ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം.

കാര്‍ഷികോത്പന്നങ്ങളുടെ വില നിയന്ത്രിക്കണം. കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടാകുന്ന കൃഷിനാശം പ്രതിരോധിക്കാന്‍ നടപടിയെടുക്കണം തുടങ്ങിയ ആവശ്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ഈ വിഷയങ്ങളില്‍ സര്‍ക്കാര്‍തലത്തില്‍ തീരുമാനമെടുക്കേണ്ടതാണെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കണം -മനുഷ്യാവകാശ കമ്മിഷന്‍ ; ആത്മഹത്യകള്‍ തടയാന്‍ കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന നടപടികള്‍ ആസൂത്രണംചെയ്ത് നടപ്പാക്കാന്‍ ചീഫ് സെക്രട്ടറി അടിയന്തരനടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു. സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ മൂന്നുമാസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
കര്‍ഷക ആത്മഹത്യകള്‍ തടയുന്നത് സംബന്ധിച്ചു സമര്‍പ്പിച്ച റിപ്പോര്‍ട്ട് യഥാര്‍ഥകാരണം വെളിവാക്കുന്നതാണെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. വി. ദേവദാസ് നല്‍കിയ പരാതിയിലാണ് നടപടി.

Related Articles

Back to top button