വളർത്തുമൃഗം മാന്തിയാലും കടിച്ചാലും പേവിഷ പ്രതിരോധകുത്തിവെപ്പ് എടുക്കണം, നിസ്സാരമാക്കുന്നത് അപകടം

ശാരീരികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയെത്തിയ സ്ത്രീ മരിച്ചതിനു പിന്നിൽ പേവിഷബാധയാണെന്ന് സംശയിക്കുന്നതായ വാർത്ത പുറത്തുവന്നിരുന്നു. മണ്ണാർക്കാട് നിന്നുള്ള റംലത്തിന്റെ മരണത്തിലാണ് ഇവരെ ചികിത്സിച്ച തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ പോലീസിന് ഇതുസംബന്ധിച്ച മൊഴി നൽകിയത്. രണ്ടുമാസം മുമ്പ് വളർത്തുനായയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ റംലത്തിന്റെ വലതുകൈയുടെ മുകളിൽ പോറലേറ്റതായി ബന്ധുക്കൾ പറഞ്ഞിരുന്നു. പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നുമില്ല. പോറലേൽപ്പിച്ച നായ പിന്നീട് ചത്തതായാണ് വിവരം.
തെരുവുനായ്ക്കളിൽ നിന്നുമാത്രമല്ല വളർത്തുമൃഗങ്ങളിൽ നിന്നും പേവിഷബാധയേൽക്കാം. വീട്ടിൽ വളർത്തുന്ന നായയോ, പൂച്ചയോ മാന്തിയാലും കടിച്ചാലും പേവിഷബാധ പ്രതിരോധ കുത്തിവെപ്പെടുക്കണം. പേ ലക്ഷണമുള്ള നായ ചത്താൽ തീർച്ചയായും പരിശോധനയ്ക്ക് വിധേയമാക്കുകയും മൃഗസംരക്ഷണവകുപ്പിൽ അറിയിക്കുകയും വേണം. മാത്രമല്ല വളർത്തുനായകൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ നിർബന്ധമായും എടുക്കണം.
മനുഷ്യരിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ
പനി, തലവേദന, വിശപ്പില്ലായ്മ, ഛർദി, മുറിവിൽ വേദന, ചൊറിച്ചിൽ എന്നിവയാണ് പ്രഥമിക ലക്ഷണങ്ങൾ.
രോഗം മൂർച്ഛിച്ചാൽ പിച്ചും പേയും പറയൽ, വിഭ്രാന്തി കാട്ടൽ, ഉമനീർ പോലും ഇറക്കാനാകാത്ത അവസ്ഥ, വെള്ളം കാണുമ്പോൾ പേടി, കടുത്ത ദാഹം. ഒടുവിൽ വായിൽനിന്ന് നുരയും പതയും വരും.
പ്രതിവിധി
പേവിഷബാധ മരണകാരണമാണെങ്കിലും പ്രതിരോധ കുത്തിവെപ്പ് അതിനെ നിസ്സാരമാക്കിമാറ്റുന്നു. അതായത് പ്രതിരോധ കുത്തിവെപ്പ് നടത്തുന്ന ആളിൽ റാബീസ് വൈറസ് അപ്പോൾ നശിക്കുന്നുവെന്നർഥം.മൃഗങ്ങളുടെ കടിയേറ്റ ഉടൻ മുറിവിൽ 10 മിനിറ്റുനേരം വെള്ളം ശക്തമായി ഒഴിച്ച് സോപ്പിട്ട് കഴുകണം. നഗ്നമായ കൈകൊണ്ടു മുറിവ് തൊടരുത്. എണ്ണ, മഞ്ഞൾ, ചെറുനാരങ്ങ, ഉപ്പ്, മുളക് എന്നിവയൊന്നും മുറിവിൽ പുരട്ടരുത്. കഴുകിയശേഷം മുറിവിന്റെ നനവ് മാറ്റി ഏതെങ്കിലും അണുനാശിനി പുരട്ടുക. തുടർന്ന് പ്രതിരോധ കുത്തിവെപ്പ്.മുൻപ് പൊക്കിളിന് ചുറ്റുമായിരുന്നു കുത്തിവെയ്ക്കൽ. ഇപ്പോഴത് തോൾ ഭാഗത്തിന് താഴെയാണ് കുത്തിവെക്കുന്നത്.ആദ്യ കുത്തിവെപ്പ് കഴിഞ്ഞാൽ മൂന്നാം ദിവസവും ഏഴാം ദിവസവും 28-ാം ദിവസവും തുടർകുത്തിവെപ്പും നടത്തണം. പേവിഷബാധയുള്ള മൃഗങ്ങൾ വളർത്തുമൃഗങ്ങളെ കടിച്ചാൽ അവയ്ക്കും കുത്തിവെപ്പ് നടത്താൻ മടിക്കരുത്.





