Kozhikode

ബേപ്പൂർ ഫിഷറീസ് കോംപ്ലക്സ് നിർമാണത്തിനു തുടക്കം

Please complete the required fields.




ബേപ്പൂർ : മത്സ്യബന്ധന മേഖലയിലെ വിവിധ ഓഫിസ് സേവനം ഒരു കുടക്കീഴിലാക്കാൻ ലക്ഷ്യമിട്ടുള്ള ബേപ്പൂർ ഫിഷറീസ് കോംപ്ലക്സ് നിർമാണത്തിനു തുടക്കം. ഫിഷറീസ് സ്റ്റേഷൻ വളപ്പിൽ തൂണുകളുടെ കോൺക്രീറ്റ് ജോലികൾ പുരോഗമിക്കുകയാണ്. ഫിഷറീസ് വകുപ്പ് അനുവദിച്ച 2.20 കോടി ഉപയോഗിച്ചാണ് 5328 ചതുരശ്ര അടി വിസ്തീർണത്തിൽ 3 നില കെട്ടിടം നിർമിക്കുന്നത്. ഹാർബർ എൻജിനീയറിങ് വകുപ്പിനാണ് നിർമാണ ചുമതല. ഒന്നര വർഷം കൊണ്ടു പ്രവൃത്തി പൂർത്തീകരിക്കാനാണ് കരാർ. 

അപകടാവസ്ഥയിലുള്ള നിലവിലെ ഫിഷറീസ് സ്റ്റേഷൻ കെട്ടിടം പൊളിച്ചു നീക്കുന്ന പണികളും ഇതോടൊപ്പം നടക്കുന്നുണ്ട്. കാലപ്പഴക്കത്താൽ ഉപയോഗ രഹിതമായ കെട്ടിടത്തിന്റെ മേൽക്കൂര പൊളിക്കുന്ന പണികളാണ് നടക്കുന്നത്.പുതിയ കെട്ടിടത്തിൽ മത്സ്യഭവൻ, മത്സ്യഫെഡ് പ്രോജക്ട് ഓഫിസ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസ് എന്നിവ താഴെ നിലയിൽ പ്രവർത്തിക്കും.

ഫിഷറീസ് സ്റ്റേഷൻ, റീജനൽ കൺട്രോൾ റൂം, ഫിഷറീസ് അസി.ഡയറക്ടർ ഓഫിസ്, മറൈൻ എൻഫോഴ്സ്മെന്റ്, മറൈൻ റെസ്ക്യൂ ഗാർഡ് എന്നീ ഓഫിസുകൾ ഒന്നാം നിലയിലാകും. രണ്ടാം നിലം പൂർണമായും മത്സ്യത്തൊഴിലാളി പരിശീലന കേന്ദ്രമാകും.  ഭിന്നശേഷി സൗഹൃദമായി നിർമിക്കുന്ന കെട്ടിടത്തിൽ ജീവനക്കാർക്കും സേവനം തേടിയെത്തുന്ന മത്സ്യത്തൊഴിലാളികൾക്കും എല്ലാ അടിസ്ഥാന സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുണ്ട്.

1974ൽ പണിതതാണു നിലവിലെ ഫിഷറീസ് സ്റ്റേഷൻ. കാലപ്പഴക്കത്താൽ ചുമരുകളുടെയും സീലിങ്ങിന്റെയും സിമന്റ് തേപ്പ് അടർന്നു വീണ കെട്ടിടത്തിനു തകർച്ച ഭീഷണി നേരിട്ടു. ജീവൻ പണയം വച്ചാണു ജീവനക്കാർ കഴിഞ്ഞത്. അപകടാവസ്ഥയെ തുടർന്ന് ഓഫിസ് പ്രവർത്തനം മാറ്റണമെന്ന് ആവശ്യപ്പെട്ടു ഹാർബർ എൻജിനീയറിങ് വകുപ്പ് ഫിഷറീസ് അധികൃതർക്ക് കത്തു നൽകിയിരുന്നു.

ഇതോടെയാണു പുതിയ ഫിഷറീസ് കോംപ്ലക്സ് നിർമിക്കാൻ അധികൃതർ പദ്ധതിയിട്ടത്. ഫിഷറീസ് സ്റ്റേഷൻ പ്രവർത്തനം താൽക്കാലികമായി വെസ്റ്റ്ഹിൽ മത്സ്യത്തൊഴിലാളി പരിശീലന കേന്ദ്രത്തിലേക്കു മാറ്റിയാണ് പുതിയ സമുച്ചയത്തിന്റെ നിർമാണം തുടങ്ങിയത്. പുതിയ കെട്ടിടം സജ്ജമാകുന്നതോടെ മത്സ്യത്തൊഴിലാളികൾക്കുള്ള വിവിധ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാനാകും.

Related Articles

Leave a Reply

Back to top button