Alappuzha

ആലപ്പുഴയില്‍ റിസോര്‍ട്ട് ജീവനക്കാരിയുടെ കൊലപാതകം: സുഹൃത്തായ അസം സ്വദേശി പിടിയില്‍

Please complete the required fields.




നെടുമുടി: റിസോര്‍ട്ടില്‍ അസം സ്വദേശിനിയായ ശുചീകരണത്തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില്‍കണ്ടെത്തി. സംഭവത്തില്‍ അസംസ്വദേശിയെ പോലീസ് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍നിന്ന് അറസ്റ്റുചെയ്തു. ഹസീറ കാത്തൂണ്‍ (43) ആണ് നെടുമുടി പഞ്ചായത്ത് 12-ാം വാര്‍ഡ് വൈശ്യംഭാഗത്തെ റിസോര്‍ട്ടില്‍ കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്തായ സാഹ അലിയാണ് പിടിയിലായത്. സംഭവത്തിനുശേഷം മുങ്ങിയ പ്രതിക്കായി നെടുമുടി പോലീസ് വൈകിട്ടോടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രാത്രിയോടെയാണ് ഇയാള്‍ പിടിയിലായത്.

ബുധനാഴ്ച രാവിലെ ഏഴോടെ റിസോര്‍ട്ട് ഉടമയുടെ അച്ഛനാണ് ഹസീറ താമസിക്കുന്ന മുറിയുടെ പുറത്ത് മൃതദേഹം ആദ്യം കണ്ടത്. പര്‍ദധരിച്ച മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്തു ചുറ്റിയിരുന്നു. തോര്‍ത്ത് വലിച്ചുമുറുക്കിയതിന്റെ പാടുകളുമുണ്ടായിരുന്നു.

രണ്ടുകാതിലും കാലുകളിലും മുറിവുണ്ട്. കമ്മല്‍ നഷ്ടപ്പെട്ടതായി പറയുന്നു. വസ്ത്രങ്ങള്‍ രണ്ടു സഞ്ചികളിലായി നിറച്ചുവെച്ചിരുന്നു. നാലുമാസമായി ഇവര്‍ ഇവിടെ ജോലിചെയ്യുന്നുണ്ട്.

ഭര്‍ത്താവും മകനുമെന്നു പരിചയപ്പെടുത്തിയ രണ്ടുപേര്‍ ഹസീറയെ കാണാന്‍വരാറുണ്ട്. ഇവരെ പോലീസ് ഫോണില്‍ വിളിച്ചപ്പോള്‍ സ്ത്രീയുമായി ബന്ധമില്ലെന്ന മറുപടിയാണു കിട്ടിയതെന്ന് റിസോര്‍ട്ട് അധികൃതര്‍ പറഞ്ഞു. ഹസീറയ്ക്കു മറ്റൊരാളുമായും ബന്ധമുണ്ടെന്നു പോലീസിനു വിവരം ലഭിച്ചു. ഈ വിവരമാണ് സാഹ അലിയിലേക്ക് അന്വേഷണം എത്താന്‍ ഇടയായത്. മൃതദേഹം വണ്ടാനം മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

Related Articles

Back to top button