Kozhikode

നിപ തന്നെ; മുഹമ്മദലിയും ഹാരിസും മരിച്ചത് നിപ ബാധയിൽ തന്നെ; കോഴിക്കോട് നാല് പേർക്കും രോഗ ബാധ

Please complete the required fields.




കോഴിക്കോട് : കുറ്റ്യാടിക്കടുത്തെ മരുതോങ്കര പഞ്ചായത്തിലെ അടുക്കത്തെ മുഹമ്മദലി (45) യുടെയും വടകര ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മംഗലാട് മമ്പള്ളികുനിൽ ഹാരിസ് (40 ) ന്റെ മരണകാരണം നിപ ബാധയാലെന്ന് പരിശോധന ഫലം. കോഴിക്കോട നാല് പേർക്കും രോഗ ബാധ. ഇന്നലെ രാത്രി 8 30 ഓടെയാണ്‌ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ വെച്ച്ഹാരിസ് മരിക്കുന്നത്. ഇതേത്തുടർന്ന് നടത്തിയ വൈറൽ പരിശോധന പോസ്റ്റിറ്റീവായിരുന്നു.

നിപ ബാധ സംശയത്താൽ ഇദ്ദേഹത്തിന്റെ മൃതദേഹത്തിൽ നിന്നുള്ള സ്രവം ശേഖരിച്ച് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലുള്ള ഹാരിസിന്റെ മൃതദേഹം നിപ പ്രോട്ടോകോൾ പ്രകാരം സംസ്ക്കരിക്കും. പരിശോധന ഫലം വന്നതിന് ശേഷം മാത്രമേ സംസ്കാര നടപടികൾ ആരംഭിക്കുകയുള്ളുയെന്ന് ബന്ധുക്കൾ അറിയിച്ചിരുന്നു . ഖത്തറിൽ ജോലി ചെയ്യുന്ന ഹാരിസ് അഞ്ച് മാസം മുൻപാണ് നാട്ടിൽ എത്തിയത് . ഈ വരുന്ന 23 ന് ഗൾഫിലേക്ക് മടങ്ങാൻ ഇരിക്കെയാണ് മരണം.

ഇക്കഴിഞ്ഞ ആഗസ്ററ് മാസത്തെ അവസാന വാരം ഭാര്യ പിതാവിനോടൊപ്പം ഹാരിസ് ഇക്ര ആശുപത്രിയിൽ പോയിരുന്നു . ഈ സമയം പനി ബാധിതനായി ഇവിടെയെത്തിയ കുറ്റ്യാടി അടുക്കത്ത് സ്വദേശി മുഹമ്മദലി (45 ) നെ ആശുപത്രിയിൽ വെച്ച് ഹാരിസ് സഹായം ചെയ്തതായി ബന്ധുക്കൾ പറയുന്നു. കടുത്ത പനിബാധിതനായ മുഹമ്മദലി ഇക്കഴിഞ്ഞ 30 – ന് മരിച്ചിരുന്നു. മുഹമ്മദലിയുടെ ഒൻപത് വയസ്സുള്ള മകൾ പെൺകുട്ടിയും നാല് വയസ്സുള്ള ആൺകുട്ടിയും ഇപ്പോൾ ചികിത്സയിലാണ്. ഈ കഴിഞ്ഞ എട്ടാം തീയതിയാണ് ഹാരിസ് പനി ബാധിതനായത് .

പനി ബാധിതനായ ഹാരിസ് ഇക്കഴിഞ്ഞ 8 ന് ആയഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ നേടിയിരുന്നു. പനി കുറവുണ്ടെങ്കിലും ശ്വാസ തടസ്സം അനുഭവപ്പെട്ടതിനാൽ ഒൻപതാം തീയതിയും പത്താം തീയതിയും വില്യാപള്ളിയിലെ ആശുപത്രിയിൽ ചികിത്സതേടി.

ഇന്നലെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് വടകര സഹകരണ ആശുപത്രിയിൽ എത്തി . ഇവിടെ നിന്നും നടത്തിയ ഡെങ്കി , ചിക്കൻഗുനിയ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. ശക്തമായ ശ്വാസതടസത്തെ തുടർന്നാണ് രാത്രി 8 മണിയോടെ കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തിയത്. ഉടൻ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാത്രി 8 :30 യോടെ മരണം സംഭവിക്കുകയായിരുന്നു.

Related Articles

Back to top button