Ernakulam

മഞ്ഞപ്പിത്തം വര്‍ധിക്കുന്നു; വേണം വലിയ ജാഗ്രത

Please complete the required fields.




കൊച്ചി: വേനല്‍ കനക്കുന്നതിനൊപ്പം ജില്ലയില്‍ മഞ്ഞപ്പിത്ത കേസുകളും വർധിക്കുന്നു. വയറിളക്കരോഗങ്ങളും ഹെപറ്റൈറ്റിസ്-എയുമാണ് കഴിഞ്ഞ മാസങ്ങളില്‍ കൂടുതല്‍ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.വയറിളക്കം ഫെബ്രുവരി മാസത്തില്‍ 2940 കേസുകളും മാർച്ചില്‍ 1834 കേസുകളും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

ഹെപറ്റൈറ്റിസ് എ രോഗബാധിതരില്‍ ഫെബ്രുവരിയില്‍ മൂന്ന് സ്ഥിരീകരിച്ച കേസുകളും 41 സംശയാസ്പദ കേസുകളും ഒരുമരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാർച്ചില്‍ 10 സ്ഥിരീകരിച്ച കേസുകളും 48 സംശയാസ്പദ ഹെപ്പറ്റൈറ്റിസ് എ കേസുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മാർച്ചില്‍ മലയാറ്റൂർ, മട്ടാഞ്ചേരി, കിഴക്കമ്ബലം, പായിപ്ര പ്രദേശങ്ങളിലാണ് കൂടുതല്‍ കേസുകള്‍. ഫെബ്രുവരിയില്‍ ടൈഫോയ്ഡ് ബാധിതരില്‍ രണ്ട് സ്ഥിരീകരിച്ച കേസുകളും എട്ട് സംശയാസ്പദ കേസുകളും മാർച്ചില്‍ രണ്ട് സ്ഥിരീകരിച്ച കേസുകളും ഒമ്ബത് സംശയാസ്പദ കേസുകളും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഫെബ്രുവരിയില്‍ ഒരു ഷിഗല്ലോസിസും സ്ഥിരീകരിച്ചിട്ടുണ്ട്.

ജനങ്ങള്‍ അതിജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ല മെഡിക്കല്‍ ഓഫിസർ ഡോ. കെ. സക്കീന അറിയിച്ചു.
മഞ്ഞപ്പിത്തബാധ, (ഹെപ്പറ്റൈറ്റിസ്-എ) വയറിളറിക്ക രോഗങ്ങള്‍ എന്നിവ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളില്‍ മലിനമായ കുടിവെള്ളത്തിന്‍റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേനിന്നുള്ള ഭക്ഷണത്തിന്റെയും ശീതളപാനീയങ്ങളുടെയും ഉപയോഗം, ശീതളപാനീയങ്ങളിലും മറ്റും വ്യാവസായികാടിസ്ഥാനത്തില്‍ നിർമിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്.

പ്രതിരോധ മാർഗങ്ങള്‍തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക
ആഹാരം പാകംചെയ്യുന്നതിനും വിളമ്ബുന്നതിനും കഴിക്കുന്നതിനും മുമ്ബും ശൗചാലയം ഉപയോഗിച്ചശേഷവും പുറത്തുപോയി വന്നശേഷവും കൈകള്‍ സോപ്പുപയോഗിച്ച്‌ കഴുകുക
കിണറിന് ചുറ്റുമുള്ള പരിസരങ്ങളില്‍ വൃത്തിഹീനമായ രീതിയില്‍ വെള്ളം കെട്ടിക്കിടക്കാതെയും കിണറിലെ വെള്ളം മലിനമാകാതെയും സൂക്ഷിക്കുക. മഞ്ഞപ്പിത്ത ബാധയുള്ള പ്രദേശങ്ങളില്‍ കുടിവെള്ള സ്രോതസ്സുകള്‍ സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക.
വൃത്തിഹീന സാഹചര്യത്തില്‍ പാചകംചെയ്ത ആഹാരസാധനങ്ങളും ശീതളപാനീയങ്ങളും പഴകിയതും മലിനമായതുമായ ആഹാരവും കഴിക്കാതിരിക്കുക
പഴവർഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയശേഷം മാത്രം ഉപയോഗിക്കുക
ആഹാരസാധനങ്ങളും കുടിവെള്ളവും എപ്പോഴും അടച്ചുസൂക്ഷിക്കുക
തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജനം ചെയ്യാതിരിക്കുക
കുഞ്ഞുങ്ങളുടെ വിസർജ്യങ്ങള്‍ ശൗചാലയത്തിലൂടെ മാത്രം നീക്കംചെയ്യുക
വീട്ടുപരിസരത്ത് ചപ്പുചവറുകള്‍ കുന്നുകൂടാതെ ശ്രദ്ധിക്കുക. ഈച്ചശല്യം ഒഴിവാക്കുക.
രോഗബാധയുള്ള പ്രദേശങ്ങളില്‍ സ്കൂളുകളിലും കോളജുകളിലും ജോലിസ്ഥലങ്ങളിലും മറ്റും ഭക്ഷണവും കുടിവെള്ളവും പങ്കുവെച്ച്‌ കഴിക്കുന്നത്‌ ഒഴിവാക്കുക

Related Articles

Back to top button