Pathanamthitta

‘സ്വാമിയേ ശരണമയ്യപ്പാ’ എന്റെ സഹോദരീ സഹോദരന്മാരെ..; മലയാളത്തിൽ അഭിസംബോധന ചെയ്ത് മോദി

Please complete the required fields.




പത്തനംതിട്ട : ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ സ്ഥാനാർഥിയായ അനിൽ കെ. ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമിയേ ശരണമയ്യപ്പാ എന്നു വിളിച്ചാണ് പ്രധാനമന്ത്രി പൊതുയോഗത്തിൽ സംസാരം ആരംഭിച്ചത്.

‘പത്തനംതിട്ടയിലെ എന്റെ സഹോദരീ സഹോദരന്മാരെ എല്ലാവർക്കും എന്റെ നമസ്കാരം’ എന്ന് ജനങ്ങളെ മലയാളത്തിൽ അഭിസംബോധന ചെയ്തു. ‘ഇത്തവണ നാനൂറിൽ അധികം..’ സീറ്റുകൾ വേണമെന്നും മോദി മലയാളത്തിൽ ആവശ്യപ്പെട്ടു. സദസ്സിലിരുന്ന ബിജെപി അനുഭാവികൾ മോദിയുടെ വാക്കുകൾ ഏറ്റുപറയുകയും ചെയ്തു.

ഇത്തവണ കേരളത്തിൽ താമരവിരിയുമെന്ന് ഉറപ്പായെന്നും കേരളത്തിൽനിന്നുള്ള ബിജെപി എംപിമാരുടെ എണ്ണം രണ്ടക്കം കടക്കണമെന്നും മോദി ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങൾക്ക് യുവത്വത്തിന്റെ ഊർജം നൽകാൻ ആഗ്രഹിക്കുകയാണ്. പത്തനംതിട്ടയിലെ സ്ഥാനാർഥി അനിൽ ആന്റണി യുവത്വത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.

‘‘കേരളത്തിൽ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും പേരുകേട്ട സർക്കാരുകളാണു മാറിമാറി വരുന്നത്. അതു കേരളത്തിന് എന്തുമാത്രം നഷ്ടമാണു വരുത്തിവയ്ക്കുന്നതെന്നു ജനങ്ങൾക്കറിയാം. കേരളത്തിലെ റബർ കർഷകർ എത്രമാത്രം ബുദ്ധിമുട്ടിലൂടെയാണു കടന്നുപോകുന്നത്. എന്നാൽ കേരളത്തിലെ എൽഡിഎഫും യുഡിഎഫും അതു കണ്ടില്ലെന്നു നടിച്ചിരിക്കുകയാണ്.

കേരളത്തിലെ ക്രിസ്ത്യൻ പുരോഹിതർ പോലും ഇവരുടെ ആക്രമണത്തിന് ഇരയാകുന്നു. കേരളത്തിലെ എത്രയോ കോളജ് ക്യാംപസുകൾ കമ്യൂണിസ്റ്റുകാരുടെ താവളമായി മാറിയിരിക്കുന്നു. ഇവിടെ സ്ത്രീകളും യുവജനതയും ഭയപ്പെട്ടാണ് ജീവിക്കുന്നത്. ഈ ദുരവസ്ഥയിൽ‌നിന്നു മോചനം വേണമെങ്കിൽ ഒരുവട്ടം എൽഡിഎഫ്, അടുത്തവട്ടം യുഡിഎഫ് എന്ന ചക്രം പൊളിക്കണം.

ഇവിടെ എൽഡിഎഫും യുഡിഎഫും തമ്മിൽ പോരടിക്കുന്നു, കേന്ദ്രത്തിൽ ഇവർ ഒന്നാണ്’’ – മോദി പറഞ്ഞു. പത്തനംതിട്ടയിലെ പൊതുസമ്മേളന വേദിയിൽ എത്തിയ മോദിയെ ആറന്മുള കണ്ണാടി നൽകിയാണ് അനിൽ ആന്റണി സ്വീകരിച്ചത്. കഴിഞ്ഞു രണ്ടു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. ഇന്നു രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മോദി കന്യാകുമാരിയിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇവിടെനിന്നാണ് പത്തനംതിട്ടയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ മോദി എത്തിയത്.

Related Articles

Back to top button