പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

തിരുവനന്തപുരം : പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിനക്കായി ഇടപെട്ട് രാഹുൽ ഗാന്ധി.
ഹർഷിനക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഹർഷിനയുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്നും ഭാവിയിൽ ഇത്തരം വീഴ്ച്ചകൾ ആവർത്തിക്കാതിരിക്കാൻ മതിയായ നടപടി സ്വീകരിക്കണമെന്നും രാഹുൽ കത്തിൽ ആവശ്യപ്പെട്ടു.
തന്റെ മണ്ഡലത്തിലെ അംഗമായ ഹർഷിന മെഡിക്കൽ ജീവനക്കാരുടെ അനാസ്ഥ മൂലം ദീർഘനാളായി ആരോഗ്യപ്രശ്നങ്ങൾ അനുഭവിച്ച് വരികയാണ്. അടുത്തിടെ വയനാട്ടിൽ എത്തിയപ്പോൾ ഹർഷിനയെ കണ്ടിരുന്നു. ഏറെ വേദനാജനകമായ അവസ്ഥയിലൂടെയാണ് അവർ കടന്നുപോകുന്നത്. അഞ്ചുവർഷമായി അവർ അനുഭവിക്കുന്ന യാതനകൾക്ക് അറുതി വരേണ്ടതുണ്ട്. രണ്ടുലക്ഷം രൂപയാണ് ഹർഷിനക്ക് നഷ്ടപരിഹാരമായി വാഗ്ദാനം ചെയ്തിരിക്കുന്നത്.
എന്നാൽ, കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഹർഷിനയുടെ ആവശ്യങ്ങൾ അംഗീകരിച്ച് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം, കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുൻപിൽ ഹർഷിനയുടെ സമരം തുടങ്ങി. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് ചികിത്സാപ്പിഴവുണ്ടായതെന്ന പൊലീസ് റിപ്പോർട്ട് ജില്ലാ മെഡിക്കൽ ബോർഡ് തള്ളിയ പശ്ചാത്തലത്തിലാണ് സമരം തലസ്ഥാനത്തേക്ക് മാറ്റിയത്.





