Thiruvananthapuram

കുടിക്കാന്‍ വെള്ളംചോദിച്ചു, റിട്ട. എസ്.ഐ.യുടെ വീട്ടില്‍നിന്ന് മാല പൊട്ടിച്ചോടി; യുവതി പിടിയില്‍

Please complete the required fields.




നേമം: റിട്ട. എസ്.ഐ.യുടെ ഭാര്യയുടെ കഴുത്തില്‍ക്കിടന്ന നാലുപവന്റെ മാല കവര്‍ന്ന കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കകം വലയിലാക്കി നേമം പോലീസ്. വട്ടിയൂര്‍ക്കാവ് കരുംകുളം ഓമനവിലാസത്തില്‍ ജയലക്ഷ്മി(32)യെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇവരുടെ കൈയില്‍നിന്ന് കവര്‍ന്ന മാല കണ്ടെടുത്തു. വെള്ളായണി തെന്നൂര്‍ അങ്കലംപാട്ട് വീട്ടില്‍ റിട്ട. എസ്.ഐ. ഗംഗാധരന്‍ നായരുടെ ഭാര്യ ശാന്തകുമാരി(74)യുടെ കഴുത്തില്‍ക്കിടന്ന മാലയാണ് കവര്‍ന്നത്.

ബുധനാഴ്ച ഉച്ചയോടെ, ഒരാളെക്കുറിച്ച് അന്വേഷിക്കാനെന്ന വ്യാജേനയെത്തിയ ജയലക്ഷ്മി, വയോധികരായ ദമ്പതികളോടു സൗഹൃദം കാണിക്കുകയും കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. വെള്ളമെടുക്കാനായി അടുക്കളയിലേക്കു പോയ ശാന്തകുമാരിയുടെ പിന്നാലെ അകത്തുകയറിയ ജയലക്ഷ്മി വീട്ടില്‍ ആരുമില്ലെന്നു മനസ്സിലാക്കിയശേഷം ശാന്തകുമാരിയുടെ കഴുത്തില്‍ക്കിടക്കുന്ന മാലയുടെ കൊളുത്ത് ഇളകിക്കിടക്കുന്നതായി പറഞ്ഞു.

ശാന്തകുമാരി മാല ഊരി കൈയിലെടുത്ത് പരിശോധിക്കുന്നതിനിടെ മാല തട്ടിയെടുത്ത് ഓടിയ യുവതി റോഡില്‍ സ്‌കൂട്ടറില്‍ കാത്തുനിന്ന മറ്റൊരു സ്ത്രീയുടെകൂടെ രക്ഷപ്പെടുകയായിരുന്നു. ഇവര്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി.യില്‍ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഇടപ്പഴിഞ്ഞി ഭാഗത്തുവെച്ച് വൈകീട്ട് പിടികൂടിയത്. കേസില്‍ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച സ്ത്രീയെക്കൂടി പിടികൂടാനുണ്ട്. നേമം സി.ഐ. പ്രജീഷ്, എസ്.ഐ.മാരായ ഷിജു, രജീഷ്, സി.പി.ഒ.മാരായ രതീഷ്ചന്ദ്രന്‍, സജു, കൃഷ്ണകുമാര്‍, ബിനീഷ്, സുനില്‍, അര്‍ച്ചന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Back to top button