കൊല്ലം; ഓയൂര്‍ പൂയപ്പള്ളി ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ വിളി; കുട്ടിക്കായി സംസ്ഥാന വ്യാപക പരിശോധന

കൊല്ലം: കൊല്ലം ജില്ലയിലെ ഓയൂര്‍ പൂയപ്പള്ളി മരുത മണ്‍പള്ളിയില്‍ തട്ടിക്കൊണ്ടു പോയ ആറുവയസ്സുകാരിയെ വിട്ടുകിട്ടാൻ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ വിളിച്ചത് സ്ത്രീ.
കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് കോള്‍ വന്നത്. അഞ്ചുലക്ഷം രൂപയാണ് സ്ത്രീ ആവശ്യപ്പെട്ടത്.
ഇന്ന് വൈകീട്ട് നാലുമണിക്കാണ് ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറ റെജി(6)യെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. പിന്നാലെ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിയെത്തി. ‘കുട്ടി ഞങ്ങളുടെ പക്കലുണ്ട്, അഞ്ചുലക്ഷം തന്നാല്‍ മാത്രമേ കുട്ടിയെ തിരികെ നല്‍കു’ എന്നായിരുന്നു ഫോണില്‍ വിളിച്ച ആള്‍ പറഞ്ഞത്. കുട്ടി എവിടെയാണെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.
ട്യൂഷൻ കഴിഞ്ഞ് സഹോദരനൊപ്പം നടന്നു വരുന്നതിനിടെയായിരുന്നു അഭികേല്‍ സാറ റെജിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. പിന്നില്‍ വന്ന കാറിലുണ്ടായിരുന്നവര്‍ രണ്ടുപേരെയും പിടികൂടാൻ ശ്രമിച്ചു. ആദ്യം പെണ്‍കുട്ടിയെ വലിച്ചിഴച്ച് കാറിലേക്ക് കയറ്റി. ഇതോടെ ഓടിയ സഹോദരന് വീണ് പരിക്കേറ്റു. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയതോടെ കാര്‍ ഓടിച്ചുപോയി.
മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നതെന്ന് കുട്ടിയുടെ സഹോദരൻ ജോനാഥ് പറഞ്ഞു. കാര്‍ തങ്ങളുടെ അരികിലേക്ക് നിര്‍ത്തുകയും അമ്മയ്ക്ക് നല്‍കാൻ ഒരു പേപ്പര്‍ ഉണ്ടെന്ന് പറഞ്ഞ് നീട്ടുകയും ചെയ്തതായി കുട്ടി പറയുന്നു. തുടര്‍ന്നാണ് വലിച്ചിഴച്ച് കാറില്‍ കയറ്റിയത്.
സംഭവത്തില്‍ സിസിടിവി കേന്ദ്രീകരിച്ച് വ്യാപക തെരച്ചില്‍ നടത്തുകയാണ് പൊലീസ്. സംസ്ഥാന വ്യാപകമായി സംശയമുള്ള വാഹനങ്ങളെല്ലാം പരിശോധിക്കുന്നുണ്ട്. വെള്ള നിറത്തിലുള്ള ഹോണ്ട അമേസ് കാറിലാണ് സംഘം എത്തിയത്. ഈ കാറിന്റെ നമ്ബര്‍ പ്ലേറ്റ് വ്യാജമാണെന്ന് പൊലീസ് അറിയിച്ചു.