കോഴിക്കോട് നവകേരള ബസ്സിനുനേരെ ചീമുട്ടയെറിയാന്‍ ശ്രമം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കസ്റ്റഡിയിൽ
കൊയിലാണ്ടി : നവകേരള ബസ്സിനുനേരെ ചീമുട്ടയെറിയാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടിയില്‍ നിന്ന് ബാലുശ്ശേരിയിലേക്ക് പോകുന്നതിനിടെയാണ് ഇയാള്‍ ചീമുട്ട എറിയാന്‍ ശ്രമിച്ചത്. യൂത്ത് കോണ്‍ഗ്രസ് ബാലുശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇതിനിടെ, മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ്സിന് കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച നവകേരള സദസ്സിന്റെ വേദിയായ കൊയിലാണ്ടിയിലേക്ക് വരുന്നതിനിടെ ഉച്ചയോടെ തിരുവങ്ങൂരില്‍ വെച്ചായിരുന്നു സംഭവം. കോഴിക്കോട് സൗത്ത്, നോര്‍ത്ത് മണ്ഡലങ്ങളിലാണ് ശനിയാഴ്ച നവകേരള സദസ്സ്. എലത്തൂര്‍ മണ്ഡലത്തിലെ നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലെ സദസ്സിനുശേഷം ആറുമണിയോടെ കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിലാണ് പരിപാടി. നവകേരള സദസ്സ് നടക്കുന്ന വേദികളിലും പുറത്തും ബസ് കടന്നുവരുന്ന റോഡുകളിലും വന്‍ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. നിലവിലുള്ളതിലും കൂടുതല്‍ പോലീസുകാരെ ജില്ലയില്‍ നിയമിച്ചിട്ടുണ്ട്.