സ്ത്രീധന പീഡനക്കേസിലെ പ്രതിയുടെ വീടിനു നേരെ ആക്രമണം; സ്ഫോടകവസ്തു നിറച്ച കുപ്പി എറിഞ്ഞെന്ന് പരാതി

കോട്ടയം : ഏറ്റുമാനൂരിൽ വീടിനു നേരെ ആക്രമണമെന്ന് പരാതി. ഭർതൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ അനിൽ വർക്കിയുടെ വീടിനു നേരെ ശനിയാഴ്ച പുലർച്ചെ നാലുമണിയോടെ ആക്രമണമുണ്ടായതായാണ് പരാതി. സ്ഫോടക വസ്തു നിറച്ച കുപ്പി വീട്ടുമുറ്റത്തേക്ക് എറിയുകയായിരുന്നു. മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് തീപടർന്നു. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതിരമ്പുഴ സ്വദേശിയായ ഷൈമോളെ കഴിഞ്ഞ മാസമാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിൽ ഷൈമോളെ ഭർത്താവ് അനിൽ വര്‍ക്കിയും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നതായി കാണിച്ച് യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അനിൽ വർക്കിയെ പൊലീസ് അറസ്റ്റ് ചെയ്തു.
നാലുവർഷം മുൻപായിരുന്നു ഷൈമോളും അനിലും തമ്മിലുള്ള പ്രണയവിവാഹം. അനിലിന്റെ പീഡനം സഹിക്കവയ്യാതെ ഷൈമോൾ സ്വന്തം വീട്ടിലേക്കു പോയിരുന്നു. എന്നാൽ ഇനി പ്രശ്നമൊന്നും ഉണ്ടാകില്ലെന്ന ഭർതൃവീട്ടുകാരുടെ ഉറപ്പിന്മേൽ അനിലിന്റെ വീട്ടിലേക്കു തിരികെ പോയി. മരിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് അനിൽ തന്നെ വീണ്ടും ഉപദ്രവിച്ചതായി യുവതി അമ്മയെ വിളിച്ച് പറഞ്ഞിരുന്നു.





