കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കും അധ്യാപികക്കും നേരെ കടന്നൽ ആക്രമണം. ഇന്നലെ വൈകുന്നേരം 3.30നാണ് സംഭവം. സ്കൂളിന് സമീപത്തെ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികൾക്ക് നേരെയാണ് കടന്നലിന്‍റെ ആക്രമണം ഉണ്ടായത്. വിദ്യാർത്ഥികളുടെ മുഖത്തും കൈകാലുകളിലും കടന്നലിന്‍റെ കുത്ത് ഏറ്റിട്ടുണ്ട്.
കൃത്യസമയത്തുള്ള അധ്യാപകരുടെ ഇടപെടൽ മൂലം കൂടുതൽ വിദ്യാർത്ഥികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഗ്രൗണ്ടിന്‍റെ ഭാഗത്തുനിന്നും കൂട്ടമായി എത്തിയ കടന്നൽ ക്ലാസ് റൂം പരിസരത്തേക്ക് എത്തിയെങ്കിലും വിദ്യാർത്ഥികൾ ക്ലാസ് റൂമുകളിൽ അഭയം തേടിയതോടെ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകി.
യുപി വിഭാഗത്തിലെ 5,6,7 ക്ലാസുകളിലെ 25 വിദ്യാർത്ഥികൾക്കാണ് കടന്നൽ കുത്തേറ്റത്. ഇതിൽ സാരമായി പരിക്കേറ്റ് 20 വിദ്യാർത്ഥികളും ഒരു അധ്യാപികയും കൂത്താട്ടുകുളം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. ഗ്രൗണ്ടിന് സമീപത്തെ മരങ്ങളിൽ നിന്നും കടന്നൽ എത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി കടന്നലിന്‍റെ ഉറവിടം കണ്ടെത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.