Kerala

ജോജുവിന്റെ വാഹനം തകര്‍ത്തവര്‍ക്കെതിരെ കേസെടുത്തു; നടന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

Please complete the required fields.




നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തല്ലിത്തകര്‍ത്തവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. വാഹനം തകര്‍ത്തവര്‍ക്കെതിരെയും സംഘര്‍ഷമുണ്ടാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസെടുത്തത്. കോണ്‍ഗ്രസ് നടത്തിയ വഴി തടയല്‍ സമരത്തില്‍ ജോജുവിന്റെ ഇടപെടലില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജു ജോര്‍ജിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.

ജോജുവിന്റെ തൃശൂര്‍ മാളയിലെ വീട്ടിലാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്‌നത്തിനെതിരെ സമരം നടത്തിയവരെ അപമാനിക്കുന്ന തരത്തിലുള്ള നീക്കമാണ് ജോജുവിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. വീടിനുമുന്നില്‍ ബാരിക്കേഡ് വെച്ച് പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു.

ഇന്ന് രാവിലെയാണ് ഇടപ്പള്ളി-വൈറ്റില ദേശീയ പാതയില്‍ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴി തടയല്‍ സമരം നടത്തിയത്. എന്നാല്‍ ദേശീയ പാതയില്‍ രൂക്ഷമായ ഗതാഗത തടസം നേരിട്ടതോടെയാണ് നടന്‍ ജോജു ജോര്‍ജിന്റെ പ്രവേശനം. കാറില്‍ നിന്നിറങ്ങിയ ജോജുവും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി.

കോണ്‍ഗ്രസിനെ നാണം കെടുത്താനുള്ള സമരമാണെന്നും ജനജീവിതം ബുദ്ധിമുട്ടിലാക്കരുതെന്നും ജോജു പറഞ്ഞു. ജോജുവിന്റെ കാര്‍ പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. അതേസമയം ജോജു മദ്യപിച്ച് സമരം സംഘര്‍ഷത്തിലാക്കാന്‍ ശ്രമിച്ചെന്നും മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ച് മുതിര്‍ന്ന നേതാക്കളടക്കം രംഗത്തെത്തി. തുടര്‍ന്ന് പൊലീസ് ഇടപ്പെട്ടാണ് നടനെ പ്രതിഷേധക്കാരുടെ ഇടയില്‍ നിന്ന് മാറ്റിയത്. അതിനിടെ വൈദ്യപരിശോധനയില്‍ ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു.

Related Articles

Leave a Reply

Back to top button