തെരുവുനായ ഭീതിയിൽ നാട്; ആറുപേർക്ക് പരിക്ക്, മലയാറ്റൂരിൽ അഞ്ച് വയസുകാരനെ ഓടിച്ചിട്ട് ആക്രമിച്ചു

കൊച്ചി: തെരുവുനായയുടെ ആക്രമണത്തില്‍ പൊറുതിമുട്ട് നാട്. മലയാറ്റൂരില്‍ തെരുവുനായയുടെ ആക്രമണം ഉണ്ടായതിന് പിന്നാലെ ഇടക്കൊച്ചിയിലും ആറു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്ന് രാവിലെയും വൈകിട്ടുമായാണ് രണ്ടിടങ്ങളിലും തെരുവുനായയകളുടെ ആക്രമണം ഉണ്ടായത്. ഇടക്കൊച്ചിയില്‍ തെരുവുനായയുടെ ആക്രണത്തില്‍ പരിക്കേറ്റ ആറുപേരില്‍ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്.
ശുചീകരണ തൊഴിലാളി ടോമി, പ്ലസ് വണ്‍ വിദ്യാർത്ഥി ആദിത്യന്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. വഴിയാത്രക്കാരെയാണ് തെരുവുനായ് കൂട്ടമായി ആക്രമിച്ചത്. ആറുപേരെയും ആക്രമിച്ചത് ഒരെ നായയാണ്. സംഭവത്തെതുടര്‍ന്ന് നഗരസഭ ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി ആക്രമണം നടത്തിയ തെരുവുനായയെ പിടികൂടി.
എറണാകുളം കാലടി മലയാറ്റൂരിൽ അഞ്ചുവയസുകാരനുനേരെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുന്നതിടെയാണ് മലയാറ്റൂർ സ്വദേശി ജോസഫിനെ തെരുവുനായ കടിച്ചത്. കവിളത്തും ശരീരത്തിലും കുഞ്ഞിന് പരിക്കുണ്ട്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. ജോസഫ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.




