
കോഴിക്കോട് : വടകരയിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി റിമാൻഡിൽ. പ്രതി അറസ്റ്റിലായതിന് പിന്നാലെ പ്രതിയുടെ വീടിന് നേരെ ആക്രമണം. കോട്ടക്കടവ് കക്കട്ടിയിൽ സജീർ മൻസിലിൽ അബ്ദുൽ റസാഖിനെയാണ് (61) പീഡനക്കേസിൽ വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകീട്ടാണ് കളിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടിയെ ഇയാൾ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്. അബ്ദുൽ റസാഖിന്റെ കുടുംബം വീട്ടിൽനിന്ന് പുറത്തുപോയ സമയത്തായിരുന്നു സംഭവം. പേടിച്ച് കരഞ്ഞ പെൺകുട്ടിക്ക് മിഠായി നൽകാൻ പണം നൽകിയ പ്രതി സംഭവം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയുണ്ടായി.
പെൺകുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയും നാട്ടുകാർ പിടികൂടിയ പ്രതിയെ പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് അബ്ദുൽ റസാഖിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞ് വീടിന്റെ ജനൽ ഗ്ലാസുകൾ തകർക്കുകയുണ്ടായി. ചുമരിലാണ് ബോംബ് പതിച്ചത്.





