
വടകര : ദേശീയ പാതയിലെ കൈനാട്ടിയിൽ അമിത വേഗത്തിൽ എത്തിയ ബസിടിച്ച് നാല് കാറുകൾ അപകടത്തിൽപെട്ടു. വടകര ഭാഗത്തുനിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടം വരുത്തിവെച്ചത്. ഒരു കാറിനെ മറി കടക്കുന്നതിനിടെ എതിരെ വന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തിൽ മുന്നിലുണ്ടായിരുന്ന ഒരു കാറിലാണ് ആദ്യം ബസിടിച്ചത്.
ബസിനു പിറകെയെത്തിയ മറ്റു മൂന്ന് കാറുകളും പരസ്പരം കൂട്ടിയിടിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് അരമണിക്കൂറിലേറെ ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു. വടകര പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്. ദേശീയ പാതയിൽ ബസുകളുടെ മരണപ്പാച്ചിലും അപകടങ്ങളും തുടർക്കഥയാവുകയാണ്.





