‘അപ്പയില്ലാത്ത വോട്ടെടുപ്പ്’, ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ആഹ്ലാദമാണ് ഇന്ന്; വോട്ട് രേഖപ്പെടുത്തി ചാണ്ടി ഉമ്മൻ

കോട്ടയം: യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പുതുപ്പളളി ജോർജിയൻ പബ്ലിക് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. അമ്മ മറിയാമ്മയ്ക്കും സഹോദരിമാർക്കുമൊപ്പമെത്തിയാണ് വോട്ട് ചെയ്തത്. ആദ്യം അമ്മ വോട്ട് ചെയ്തതിന് ശേഷമാണ് ചാണ്ടി ഉമ്മൻ വോട്ട് രേഖപ്പെടുത്തിയത്. രാവിലെ പുതുപ്പളളി പളളിയിലും പിതാവ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിലുമെത്തി പ്രാർത്ഥിച്ച ശേഷമാണ് ചാണ്ടി ഉമ്മൻ വോട്ട് ചെയ്യാനെത്തിയത്. അപ്പയില്ലാത്ത വോട്ടെടുപ്പ് ആണ് ഇത്തവണത്തേത് എന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ആഹ്ലാദമാണ് ഇന്ന്. എല്ലാ തവണയും അപ്പയുണ്ടായിരുന്നു. ഇത്തവണയില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയ്ക്ക് ഈ മണ്ഡലത്തിലെ ഓരോ മനുഷ്യരും കുടുംബമായിരുന്നു. വികസനവും കരുതലുമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ മുദ്രാവാക്യം. രാഷ്ട്രീയ സാഹചര്യങ്ങളുടെ വിലയിരുത്തലായിരിക്കുമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. പളളിയിൽ നിന്ന് ഇറങ്ങിയ ചാണ്ടി ഉമ്മൻ വിവിധ പോളിങ് ബൂത്തുകളിൽ സന്ദർശനം നടത്തിയിരുന്നു.
ഭാര്യ മറിയാമ്മയിൽ നിന്ന് വോട്ടിങ് സ്ലിപ്പ് കൈപ്പറ്റിയാണ് ഉമ്മൻ ചാണ്ടി വോട്ട് ചെയ്യാൻ പോയിക്കൊണ്ടിരുന്നത്. ആ പതിവ് തെറ്റിക്കാതെ അമ്മയുടെ കൈയിൽ നിന്നും സ്ലിപ്പ് കൈപ്പറ്റിയാണ് ചാണ്ടി ഉമ്മനും വോട്ട് രേഖപ്പെടുത്താൻ ബൂത്തിലെത്തിയത്.





