അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണം; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നന്ദകുമാറിന് നോട്ടീസ്

തിരുവനന്തപുരം: അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണക്കേസില്‍ കെ നന്ദകുമാറിനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. പുതുപ്പള്ളി വോട്ടെടുപ്പിന്റെ പിറ്റേന്നാണ് ചോദ്യം ചെയ്യല്‍. ബുധനാഴ്ച ഹാജരാകണമെന്ന് കാട്ടി നന്ദകുമാറിന് പൊലീസ് നോട്ടീസ് നല്‍കി. സൈബര്‍ അധിക്ഷേപത്തില്‍ മാപ്പ് ചോദിച്ച് നന്ദകുമാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
അച്ചു ഉമ്മന്‍ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു ഖേദപ്രകടനം. സ്ത്രീത്വത്തെ അപമാനിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും, അറിയാതെ സംഭവിച്ചു പോയ തെറ്റിന് നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു നന്ദകുമാറിന്റെ പോസ്റ്റ്.
സൈബര്‍ അധിക്ഷേപത്തിനെതിരെ പൊലീസിനും വനിതാ കമ്മീഷനും സൈബര്‍ സെല്ലിനും അച്ചു ഉമ്മന്‍ പരാതി നല്‍കിയിട്ടുണ്ട്. സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമായിരുന്നു പരാതി. ഇതിന് പിന്നാലെ സംസ്ഥാന വനിതാ കമ്മീഷനും പൊലീസിന് തുടര്‍ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.





