
കോഴിക്കോട് : വന്യമൃഗശല്യം മൂലം പൊറുതിമുട്ടിയ മലയോരജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും കാട്ടുപോത്തിന്റെ അക്രമണത്തിൽ ഗുരുതരപരുക്ക് പറ്റിയ കട്ടിപ്പാറ അമരാട് അരീക്കരക്കണ്ടി റിജേഷിന് അടിയന്തരസഹായധനം നൽകണമെന്നും കർഷക കോൺഗ്രസ് ജില്ലാനേതൃയോഗം സർക്കാരിനോടാവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ഹബീബ് തമ്പി യോഗം ഉദ്ഘാടനംചെയ്തു. വന്യമൃഗങ്ങൾ കർഷകരെ അക്രമിക്കുകയും കൃഷിനശിപ്പിക്കുകയും ചെയ്യുന്നതിനെതിരേ ജൂൺ ആറിന് 13 നിയോജകമണ്ഡലങ്ങളിലും പ്രതിഷേധജ്വാല നടത്താനും ജൂൺ 16-ന് താമരശ്ശേരി ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്താനും യോഗം തീരുമാനിച്ചു. ലോയേഴ്‌സ് കോൺഗ്രസ് ജില്ലാകമ്മിറ്റിയുമായി സഹകരിച്ച് ‘കർഷകരോടൊപ്പം’ എന്നപേരിൽ ലീഗൽ സെൽ രൂപവത്കരിക്കും.
ജില്ലാ പ്രസിഡന്റ് ബിജു കണ്ണന്തറ അധ്യക്ഷനായി. കോരങ്കോട്ട് മൊയ്തു, മാത്യു ദേവഗിരി, ഐപ്പ് വടക്കേത്തടം, വി.ടി. തോമസ്, എൻ.പി. വിജയൻ, മാത്യു കട്ടിക്കാന, ജോസ് കാരിവേലി, ജോസഫ് ഇലഞ്ഞിക്കൽ, രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.





